നീലേശ്വരം: ദേശീയ പാതയിലെ അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തിന്റെ സ്പാനുകളില്‍ ഒന്നിന്റെ ഉള്‍ഭാഗം പൊള്ളയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. നിത്യവും വലുതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ കാലപ്പഴക്കമാണ് ഇതിനു കാരണമെന്ന് പറയുന്നു.
നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കാലപ്പഴക്കവും ബലക്ഷയവും സംഭവിച്ച പാലത്തിന് നാളിതു വരെയായും കാര്യമായ അറ്റകുറ്റപ്പണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരികള്‍ പലപ്പോഴായി വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന നിലയിലായണ്. പാലത്തിന്റെ വടക്കുഭാഗത്ത് യോജിപ്പിക്കാനാവാത്തവിധം വിള്ളല്‍ രൂപം കൊണ്ടിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉന്നതാധികാരികള്‍ പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളിലൊന്ന് പൊള്ളയാണെന്നും കാലപ്പഴക്കം കാരണം വലിയൊരു ദ്വാരം രൂപം കൊണ്ടതായും കണ്ടെത്തിയത്. ഒരാള്‍ക്ക് കടന്നു പോകുന്നതിലധികം വലിപ്പമുള്ളതാണ് ദ്വാരമെന്നാണ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ കഴിയുന്തോറും വിള്ളലിന്റെ വ്യാപ്തി വര്‍ധിക്കുന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അസാധാരണമായ ശബ്ദം ഉണ്ടാകുന്നതായി പുഴയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്കോട്ട് പുതിയപാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: