കോഴഞ്ചേരി: ഭക്തിയും സാംസ്കാരിക തനിമയും സമ്മേളിക്കുന്ന ഉതൃട്ടാതി ജലോത്സവം ഇന്ന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുമുല്ക്കാഴ്ചയാകും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്രയും തുടര്‍ന്ന് മത്സര വള്ളംകളിയും നടക്കും. കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സത്രംപവലിയന് താഴെനിന്നും നിക്ഷേപമാലിയിലേക്ക് ജലഘോഷയാത്ര ആരംഭിക്കും. തിരുവോണത്തോണിക്ക് പിന്നാലെ തുഴഞ്ഞു നീങ്ങുന്ന പള്ളിയോടങ്ങളുടെ പ്രകടനം സംഗീതം, കല, കായികം, സംസ്ക്കാരം, ഭക്തി ഒരുമ എന്നിവയുടെ സമ്മേളനംകൂടിയാണ്. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള അദ്ധ്യക്ഷതവഹിക്കും. സ്വാമി വിവിക്താനന്ദ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിക്കും. മത്സര വള്ളംകളി മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. സുവനീറിന്റെ പ്രകാശനം വീണാജോര്‍ജ്ജ് എംഎല്‍എ നിര്‍വ്വഹിക്കും. വഞ്ചിപ്പാട്ട് ആചാര്യന്മാരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആദരിക്കും. ആന്റോആന്റണി എംപി, എംഎല്‍എമാരായ രാജു എബ്രഹാം, അടൂര്‍പ്രകാശ്, ചിറ്റയം ഗോപകുമാര്‍, കെ.കെ.രാമചന്ദ്രന്‍നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, കളക്ടര്‍ ആര്.ഗിരിജ, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്ജ്ജ്മാമന് കൊണ്ടൂര്‍, ജനപ്രതിനിധികളായ വിനീത അനില്‍, എം.ബി.സത്യന്, പി.കെ.തങ്കമ്മ, ഐഷാപുരുഷോത്തമന്‍, മനോജ് മാധവശ്ശേരി, എല്‍സി ക്രിസ്റ്റഫര്‍, മിനിശ്യാം മോഹന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വിജയികള്‍ക്കുള്ള സമ്മാനം എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ വിതരണം ചെയ്യും. പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്.രാധാകൃഷ്ണന് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി.സോമന് നന്ദിയും പറയും.
ജലോത്സവത്തിന് മുന്നോടിയായി രാവിലെ 10.30ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പവലിയനിലേക്ക് ഭദ്രദീപ ഘോഷയാത്ര നടക്കും. 11ന് സത്രത്തില്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 1 മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: