തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ രൂക്ഷമായ സിപിഎം സംഘടനാ പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്ക്.കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ചാത്തങ്കേരി ഡിവിഷനില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്ന ബിജു ഗണപതിപറമ്പിനെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് പെരിങ്ങര ലോക്കല്‍ കമ്മറ്റി പുറത്താക്കുകയും തുടര്‍ന്ന് പരുമലയില്‍ നിന്നുള്ള സിപിഎം ഗുണ്ടാസംഘം മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഭാഗീയത അണപൊട്ടിയൊഴുകിയത്.എല്‍സിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും , ഏരിയകമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ നേതാവും ഏകപക്ഷീയ മായി തീരുമാനമെടുത്തെന്ന് കാട്ടി പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഏരിയാകമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കും രേഖാമൂലം പരാതി നല്കി.പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ എല്‍സി തീരുമാനത്തിനെതിരെ രംഗത്ത് വന്നു.അതിനിടയില്‍ വിഷയം രമ്യമാക്കാന് ജില്ലാഘടകവും ചില സംസ്ഥാന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയും തുടക്കത്തിലെ പാളി.ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ എടുത്ത ഏകപക്ഷീയ തീരുമാനം പിന്‍വലിക്കുന്നത് വരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ പക്ഷം.തീരുമാനം മയപ്പെടുത്തിയില്ലങ്കില് കൂടുതല്‍ ശക്തമായ നിലപാടുകളിലേക്ക് പോകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി. സിപിഎമ്മില്‍ നിന്നും പുറത്താക്കി മണിക്കൂറുകള്‍ക്ക് അകം പെരിങ്ങര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് സമീപമുള്ള ബിജു ഗണപതി പറമ്പന്റെ വ്യാപാരസ്ഥാപനത്തില്‍ കയറി പരുമലയില്‍ നിന്നുള്ള സിപിഎം ഗുണ്ടാസംഘം ആക്രമിക്കുകയും കട അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.അക്രമത്തില്‍ ബിജുവിന് ഗുരുതരമായി പരിക്കേറ്റു. പെരിങ്ങര കിഴക്ക് ബ്രാഞ്ച് കമ്മറ്റിയുടെ പരാതി പ്രകാരമാണ് പാര്‍ട്ടി നടപടി.പ്രദേശത്തെ ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന ബിജു ഗണപതിപറമ്പ് ഇടത് സഹയാത്രക്കിടയിലും എസ്എന്‍ഡിപി സംഘടനാ പ്രവര്‍ത്തനങ്ങളുമായി അടുത്ത് ഇടപെട്ടിരുന്നു.ഈ വിഷയം ചൂണ്ടികാട്ടി പലതവണ ചിലനേതാക്കള്‍ ലോക്കല്‍ കമ്മറ്റിയില്‍ ബിജുവിനെതിരെ പരാതി നല്‍കിയിരുന്നു.പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിവിധ ഭാഗങ്ങളില്‍ സവര്‍ണ സ്ഥാനാര്‍ത്ഥികളെ മാത്രം തിരഞ്ഞുപിടിച്ച് സിപിഎം രംഗത്തിറങ്ങിയത് പാര്‍ട്ടിയിലെ ഒരുവിഭാഗത്തില്‍ കടുത്ത അമര്‍ഷത്തിന് കാരണമാകുകയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍് ഇതുസംബന്ധിച്ച് ഏരിയകമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ നേതാവുമായി ഉണ്ടായ അസ്വാരസ്യങ്ങളാണ് ബിജുഗണപതി പറമ്പിനെ പുറത്താക്കാന്‍ കാരണമെന്നാണ് സൂചന. ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കാന്‍ പദ്ധതിയിട്ട ഇദ്ദേഹത്തിനെതിരെ ശക്തമായ നിലപാട് എടുത്തവരില്‍ പ്രധാനിയായിരുന്നു ബിജു.2011 ല്‍ പാര്‍ട്ടി വിജയിച്ച പെരിങ്ങര കിഴക്ക് സീറ്റില്‍ വനിതാ സംവരണം വന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം അവഗണിച്ച് ഭാര്യാമാതാവിനെ ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥിയാക്കിയതും തുടര്‍ന്ന് പരാജയപ്പെട്ടതും ഏരിയകമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ നേതാവിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്ത് വരാന്‍ കാരണമായി.മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കുഞ്ഞികൃഷ്ണന്റെ വീടിന് നേരെ പെട്രോള്‍ ബോബ് എറിഞ്ഞ അന്നത്തെ യുവജന നേതാക്കളില്‍ പ്രമുഖനായിരുന്നു ഇദ്ദേഹമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: