മാവേലിക്കര: ഡ്യൂട്ടിക്കിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ വ്യാജമദ്യമാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഡിവൈഎഫ്‌ഐക്കാരെ പോലീസ് അറസ്റ്റു ചെയ്തു.
ചെട്ടികുളങ്ങര കണ്ണമംഗലം ഏലപ്പാടി തറയില്‍ മനു(35), കണ്ണമംഗലം രാഹുല്‍ ഭവനത്തില്‍ രാകേഷ്(23), കണ്ണമംഗലം തെക്ക് വിജയഭവനത്തില്‍ അമല്‍(22) എന്നിവരാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
മാവേലിക്കര എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഗേഷ്.ആര്‍.കൃഷ്ണന്‍(25)നെയാണ് സംഘം ആക്രമിച്ചത്. സാരമായി പരിക്കേറ്റ രാഗേഷ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെട്ടികുളങ്ങര കണ്ണമംഗലം തുപ്പന്‍ കുളങ്ങരയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വാട്ട്‌സ് ആപ് മുഖേന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു രാഗേഷ്.ആര്‍. കൃഷ്ണന്‍.
വിവിധ അബ്കാരി കേസുകളില്‍ പ്രതിയായ മനുവിനെ കുറിച്ച് അന്വേക്ഷിച്ച് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കാറിലും ബൈക്കിലുമായി രാഗേഷിനെ പിന്‍തുടര്‍ന്നെത്തിയ സംഘം തുപ്പന്‍ കുളങ്ങരയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒരുമാസത്തിന് മുന്‍പാണ് ചൂരല്ലൂര്‍ ഭാഗത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് ഇന്നും ചികിത്സയിലാണ്. ഈ കേസിലും പ്രതികള്‍ സിപിഎമ്മുകാരായിരുന്നു. ഇരുപതോളം പേരെ കേസില്‍ പ്രതിയാക്കിയെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി.
എക്‌സൈസ് ഉദ്യോഗസ്ഥനായ രാഗേഷിനെ ആക്രമിച്ച സംഭവവും ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും ശ്രമിച്ചിരുന്നു. ഇതിനായി പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ വന്‍ സമ്മര്‍ദ്ദമാണ് സിപിഎം നേതാക്കള്‍ ചെലുത്തിയത്.
















