ബെംഗളൂരു: കര്‍ണ്ണാടക, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഹിന്ദുനേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ 13 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ കുറ്റക്കാരാണെന്ന് പ്രത്യേകകോടതി കണ്ടെത്തി. ഒരാള്‍ ഒളിവിലാണ്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിച്ചത്. പതിനാലുപേര്‍ക്കും എതിരെ യുഎപിഎയാണ് ചുമത്തിയിട്ടുള്ളത്.
ബെംഗളൂരു, ഹൂബ്‌ളി എന്നിവിടങ്ങളിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നായിരുന്നു ആദ്യം കേസ്. ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷിച്ചത്. അന്വേഷണം മുറുകിയതോടെയാണ് തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ നേതാക്കളെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി വെളിവായത്. ഇതോടെയാണ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകരെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇവര്‍ സൗദിയിലും പാക്കിസ്ഥാനിലുമുള്ള പലരുമായും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. റിയാദിലാണ് ഗൂഡാലോചന നടത്തിയിരുന്നത്.
















