ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേഷണ അവകാശത്തിനായി ബിസിസിഐ പുതിയ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. 2.5 ബില്യണ്‍ മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരെയാണ് (16,000 കോടി മുതല്‍ 19,000 കോടി വരെയാണ്) ടെന്‍ഡര്‍ തുക പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷത്തേയ്‌ക്കാണ് സംപ്രേണാവകാശം.
സോണിക്കാണ് നിലവില്‍ ഐപിഎല്‍ സംപ്രേഷണ അവകാശമുള്ളത്. ഈ കാലാവധി 2017ല്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഐപിഎല്‍ സംപ്രേഷണ അവകാശത്തിലൂടെ സോണി ഗ്രൂപ്പിന് വന്‍ ലാഭമാണ് ഉണ്ടായത്. 2016 ഐപിഎല്‍ സീസണില്‍ നിന്നും 2500 കോടിരൂപയാണ് സോണി സ്വന്തമാക്കിയത്. 200 കോടി മുതല്‍ 230 കോടി വരെയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നേടിയിട്ടുള്ളത്. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ 220നും 250 കോടി ബിസിസിഐയും ലാഭം നേടി.
ഇതിനു മുമ്പ് സീയില്‍ നിന്നും ടെന്‍ സ്‌പോര്‍ട്‌സ് സോണി പിക്‌ചേഴ്‌സ് 2600 കോടിയ്‌ക്ക് വാങ്ങിയത് കായിക രംഗത്തെ വമ്പന്‍ ഏറ്റെടുക്കലുകളിലൊന്നായി വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. അതിനുപിന്നാലെയാണ് ബിസിസിഐയുടെ സംപ്രേഷണ ടെന്‍ഡര്‍ തുക പുറത്തുവിട്ടിരിക്കുന്നത്. ടെന്‍ സ്‌പോര്‍ട്‌സിന്റേതടക്കം നിലവില്‍ ഒമ്പത് ചാനലുകളാണ് സോണിയുടെ ഉടമസ്ഥതയില്‍ ഇപ്പോഴുള്ളത്.
















