റിയോ ഡി ജനീറോ: ഇന്ത്യന്‍ കായികരംഗത്ത് പുതി ചരിത്രം കുറിച്ച് ദേവേന്ദ്ര ഝഝാരിയ. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയാണ് ദേവേന്ദ്ര ചരിത്രത്തിനുടമയായത്. ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണനേട്ടം. സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് ദേവേന്ദ്ര തിരുത്തിയത്. പാരാലിമ്പിക്‌സില്‍ ആദ്യ സ്വര്‍ണ്ണം നേടി 12 വര്‍ഷത്തിനുശേഷമായിരുന്നു ദേവേന്ദ്രയുടെ രണ്ടാം നേട്ടം.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് പാരാലിമ്പിക്‌സ് സ്വര്‍ണ്ണമെന്ന അപൂര്‍വനേട്ടവും ഇതോടെ ദേവേന്ദ്ര കൈവരിച്ചു. 2004-ല്‍ ഏഥന്‍സിലായിരുന്നു ദേവേന്ദ്രയുടെ ആദ്യ പാരാലിമ്പിക് സ്വര്‍ണ്ണം.
റിയോയില്‍ എഫ് 46 വിഭാഗത്തില്‍ മത്സരിച്ച ദേവേന്ദ്ര 63.97 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണ്ണം നേടിയത്. 2004-ല്‍ ഏഥന്‍സില്‍ സ്ഥാപിച്ച 62.15 മീറ്ററിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 36കാരനായ ദേവേന്ദ്ര നിലവില്‍ ലോക റാങ്കിങില്‍ മൂന്നാമനാണ്. കഴിഞ്ഞ ദിവസം വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ 31-ാമത്.
അതേസമയം, റിങ്കു ഹൂഡ 54.39 മീറ്റര്‍ എറിഞ്ഞ് തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ചാമതാണ് എത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ സുന്ദര്‍ സിങ് ഗുര്‍ജാര്‍ മത്സരിക്കാനിറങ്ങിയില്ല.
എഫ് 44 വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ സന്ദീപും രണ്‍ബീര്‍ നരേന്ദറും തങ്ങളുടെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയെങ്കിലും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. 54.30 മീറ്റര്‍ ദൂരം ഏറിഞ്ഞ സന്ദീപ് നാലാമതും 53.79 മീറ്റര്‍ എറിഞ്ഞ രണ്‍ബീര്‍ ആറാമതുമാണ് ഫിനിഷ് ചെയ്തത്.
1981 ജൂണ്‍ പത്തിന് രാജസ്ഥാനിലെ ചുറു ജില്ലയിലാണ് ദേവേന്ദ്ര ജനിച്ചത്. എട്ടാം വയസ്സില്‍ ഒരു മരത്തില്‍ കയറുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇടതുകൈ മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 1997-ല്‍ ഒരു സ്‌കൂള്‍ മീറ്റിനിടെ ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ആര്‍.ഡി. സിംഗ് ദേവേന്ദ്രയുടെ കഴിവ് കണ്ടെത്തുകയും പരിശീലിനം നല്‍കാന്‍ ആരംഭിക്കുകയും ചെയ്തു.
2002-ല്‍ സൗത്ത് കൊറിയയില്‍ നടന്ന എട്ടാമത് ഫാര്‍ ഈസ്റ്റ് ആന്‍ഡ് സൗത്ത് പെസഫിക് ഗെയിംസില്‍ സ്വര്‍ണ്ണം നേടി. ഈ പ്രകടനം 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക് ഗെയിംസിലേക്ക് യോഗ്യത നേടി. ഈ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. 59.77 മീറ്റര്‍ എന്ന ലോക റെക്കോര്‍ഡ് തിരുത്തിയാണ് 62.15 മീറ്റര്‍ ജാവലിന്‍ എറിഞ്ഞത്. ഇതോടെ പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ദേവേന്ദ്ര. മുര്‍ളികാന്ത് പേട്കര്‍ എന്ന നീന്തല്‍താരമാണ് ആദ്യ സ്വര്‍ണ്ണത്തിന് അവകാശി. 1972-ല്‍ ഹെഡില്‍ബര്‍ഗിലായിരുന്നു മുര്‍ളികാന്തിന്റെ നേട്ടം.
2013ല്‍ ലിയോണില്‍ നടന്ന ഐപിസി അത്‌ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ എഫ് 46 വിഭാഗം ജാവലിന്‍ ത്രോയിലും സ്വര്‍ണ്ണവും 2015-ല്‍ ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ദേവേന്ദ്ര നേടി. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ പാരാഗെയിംസിലും ദേവേന്ദ്ര വെള്ളി കരസ്ഥമാക്കി. 2016ല്‍ ദുബായിയില്‍ നടന്ന ഐപിസി അത്‌ലറ്റിക്‌സ് ഏഷ്യാ-ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടി.
നേരത്തെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ദേവേന്ദ്ര ഇപ്പോള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലാണ് ജോലി ചെയ്യുന്നത്. മുന്‍ ദേശീയ കബഡി താരം മഞ്ജുവാണ് ഭാര്യ. രണ്ട് മക്കള്‍. ജിയ (6), കാവ്യന്‍ (രണ്ട്).
ദേവേന്ദ്രയുടെ മികച്ച പ്രകടനത്തിന് രാഷ്‌ട്രം അര്‍ഹിച്ച ബഹുമതിയും നല്‍കി ആദരിച്ചു. 2004-ല്‍ അര്‍ജുന അവാര്‍ഡും 2012-ല്‍ പത്മശ്രിയും നല്‍കി രാജ്യം ദേവേന്ദ്രയെ ആദരിച്ചിരുന്നു. പത്മബഹുമതി ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ദേവേന്ദ്ര.
















