ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സിലോണയ്‌ക്ക് വിജയത്തുടക്കം. ബാഴ്‌സ സെല്‍റ്റിക്കിനെ മടക്കമില്ലാത്ത ഏഴ് ഗോളിനും ബയേണ്‍ റോസ്‌റ്റോവിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനുമാണ് തകര്‍ത്തത്.
ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ബാഴ്‌സ സെല്‍റ്റിക്കിനെ തകര്‍ത്തത്. 3, 27, 60 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ആറാമത്തെ ഹാട്രിക്കായിരുന്നു ഇത്. ലൂയിസ് സുവാരസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നെയ്‌മര്‍, ഇനിയസ്റ്റ എന്നിവരും വലനിറയ്‌ക്കാന്‍ മെസിക്കു കൂട്ടുനിന്നു.
ബാഴ്‌സയെ കൂടാതെ ബയേണ്‍ മ്യണിച്ച്, അത്‌ലറ്റിക്കോ മാഡ്രിഡ്, നാപ്പോളി തുടങ്ങിയ ടീമുകളും വിജയം കണ്ടു. നാപ്പോളി ഡയനാമോ കീവിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് പിഎസ്‌വി ഐന്തോവനെയും പരാജയപ്പെടുത്തി. ആഴ്‌സണല്‍-പിഎസ്ജി മത്സരം സമനിലയില്‍ പിരിഞ്ഞു.
















