പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ജയത്തോടെ നീസ് രണ്ടാമത്. ഒളിമ്പിക് മാഴ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളിനു കീഴടക്കി നീസ്. ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയൊ ബെലൊടെല്ലിയുടെ ഇരട്ട ഗോളുകളാണ് ടീമിനെ ജയത്തിലെത്തിച്ചത്.
തട്ടകത്തില്‍ ഏഴാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബെലൊടെല്ലി നീസിനെ മുന്നിലെത്തിച്ചെങ്കിലും, 14ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ തൗവിന്‍, 72ാം മിനിറ്റില്‍ ബഫെറ്റിംബി ഗോമസ് എന്നിവരിലൂടെ തിരിച്ചടിച്ച് മുന്നില്‍ക്കടന്നു മാഴ്‌സ. 78ാം മിനിറ്റില്‍ ബെലോടെല്ലി രണ്ടാം ഗോള്‍ നേടി സമനില സമ്മാനിച്ചു. 87ാം മിനിറ്റില്‍ വൈലാന്‍ സിപ്രിയന്‍ വിജയ ഗോളും വലയിലാക്കി.
നാലു കളികളില്‍ മൂന്നു ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ നീസ് രണ്ടാമതുള്ളത്. ഇത്രയും പോയിന്റുള്ള മൊണാക്കൊ ഗോള്‍ശരാശരിയില്‍ ഒന്നാമത്.
















