മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും പേസര്‍ ഷര്‍ദുള്‍ താക്കൂറിനെയും ഒഴിവാക്കി. വിന്‍ഡീസിനെതിരെ കളിച്ച ടീമില്‍ മറ്റു മാറ്റങ്ങളില്ല. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചത്. വിന്‍ഡീസിലേക്ക് 17 പേരെ അയച്ചിരുന്നു.
വിന്‍ഡീസിനെതിരെ ബിന്നിയും ഷര്‍ദുലും ടെസ്റ്റ് കളിച്ചില്ല. ഇരുവരും വിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ മാത്രമാണ് കളിച്ചത്. ഇതിനു പിന്നാലെ യുഎസില്‍ വിന്‍ഡീസിനെതിരെ നടന്ന ആദ്യ ട്വന്റി20യില്‍ ബിന്നി കളിച്ചു. അന്ന് ഓരോവറില്‍ 32 റണ്‍സ് വിട്ടുനല്‍കി. ഈ മത്സരം ഇന്ത്യ ഒരു റണ്ണിനു തോറ്റു.
ബാറ്റ്‌സ്മാന്മാരില്‍ രോഹിത് ശര്‍മയും, ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ഫോമിലായിരുന്നില്ല. ദുലീപ് ട്രോഫിയില്‍ ഇരട്ട ശതകം നേടി ചേതേശ്വര്‍ ഫോമിലേക്കു തിരിച്ചെത്തി. നാട്ടില്‍ മികച്ച റെക്കോഡുണ്ട് ശിഖറിനും രോഹിതിനും. ആര്‍. അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനം വിന്‍ഡീസില്‍ പരമ്പര നേട്ടത്തിന് ഇന്ത്യയെ തുണച്ചു. ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ സ്പിന്‍ ത്രയത്തിന്റെ പ്രകടനവും നിര്‍ണായകം. മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ പേസ് ബൗളിങ് വിഭാഗത്തില്‍.
ടീം: വിരാട് കോഹ്‌ലി (നായകന്‍), അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷാമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, ഉമേഷ് യാദവ്.
















