പാനൂര്‍: വീട്ടുവേലയ്‌ക്കു നിര്‍ത്തിയ അന്യസംസ്ഥാന ബാലികയുടെ മരണം കൊലപാതകമെന്ന് തെളിയുന്നു. പീഡനം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിനു സമീപത്തെ അസീസിന്റെ വീട്ടില്‍ നിന്നുമാണ് കര്‍ണ്ണാടക ടിപ്പുനഗര്‍ സ്വദേശിനിയായ പതിനേഴുകാരി ദുരൂഹ സാഹചര്യത്തില്‍ ആഗസ്ത് 6ന് മരണപ്പെട്ടത്.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീട്ടുകാര്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് കൊളവല്ലൂര്‍ പോലീസിനു നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും, ദിവസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങിയിട്ടില്ല. ഇതു സംശയാസ്പദമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ദേഹത്ത് മുറിപ്പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണകാരണത്തെ കുറിച്ച് വ്യക്തത റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് വിഭാഗം തലശേരി സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റിനും, കൊളവല്ലൂര്‍ പോലീസിനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ആന്തരീകാവയവങ്ങളുടെ രാസപരിശോധനയും, മറ്റു നടപടികളും പൂര്‍ത്തിയാക്കി പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭരണകക്ഷി നേതാക്കളുടെ ഇടപ്പെടലില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
















