ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി ഉയര്‍ത്തിയ വിചിത്ര നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയും. ലഫ്. ഗവര്‍ണ്ണറുടെ അനുമതി തേടാതെ നടത്തിയ നിയമനങ്ങള്‍ അസാധുവാണെന്ന് ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കെജ്‌രിവാള്‍ സര്‍ക്കാര്‍ ദല്‍ഹിയില്‍ നടപ്പാക്കിയ സ്വജനപക്ഷപാത നടപടികള്‍ക്ക് ലഭിക്കുന്ന തിരിച്ചടിയുടെ തുടര്‍ച്ചയാണ് കോടതി വിധി.
2015 മാര്‍ച്ച് 13നാണ് 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി കാബിനറ്റ് റാങ്കോടെ നിയമിച്ചത്. നിയമവിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജുങ് മുഖ്യമന്ത്രിയുടെ ഉത്തരവ് തടഞ്ഞിരുന്നു. ഇതോടെ വിവാദ ഉത്തരവ് പിന്‍വലിക്കുമെന്ന് ആപ് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.
ദല്‍ഹി ഭരണാധികാരി ലഫ്. ഗവര്‍ണ്ണറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം കോടതി വിധി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആപ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളെല്ലാം ലഫ്. ഗവര്‍ണ്ണര്‍ പുനപരിശോധിക്കുകയാണ്. മന്ത്രിമാരെ അവരുടെ ജോലിയില്‍ സഹായിക്കുന്നതിനായാണ് തങ്ങള്‍ 21 പാര്‍ലമെന്ററി സെക്രട്ടറിമാരെ നിയമിച്ചതെന്ന വാദമാണ് ആപ് ഉയര്‍ത്തുന്നത്.
ലക്ഷങ്ങള്‍ മാസശമ്പളത്തില്‍ നിയമിച്ച എംഎല്‍എമാരുടെ പദവി സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.
















