വിജയവാഡ: തമിഴ്‌നാടിന് കാവേരി ജലം നല്‍കുന്ന വിഷയത്തില്‍ കര്‍ണ്ണാടകത്തില്‍ ഇന്ന് ബന്ദ് നടത്താനിരിക്കെ, നാളെ ആന്ധ്രയില്‍ ബന്ദിന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലെ ബന്ദ് ഓണത്തിന് കേരളത്തിലേക്കുള്ള മലയാളികളുടെ യാത്ര തടസപ്പെടുത്തുമെന്ന ആശങ്ക കൂട്ടി.
ആന്ധ്രയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചെങ്കിലും പ്രത്യേക പദവി നല്‍കിയില്ലെന്ന കാരണത്താലാണ് ആന്ധ്ര ബന്ദ്.
ഗതാഗതത്തെയാണ് ഹര്‍ത്താല്‍ മുഖ്യമായും ബാധിക്കുക. ട്രെയിന്‍ ഉള്‍പ്പെടെ തടയുമെന്ന് ബന്ദുകാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണ്ണാടകത്തില്‍ വിവിധ സംഘടനകള്‍ സമരമുഖത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യര്‍ത്ഥിച്ചിട്ടും പിന്മാറാന്‍ തയ്യാറായിട്ടില്ല. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം, കര്‍ണാടകം തമിഴ്‌നാടിന് കാവേരി ജലം നല്‍കിത്തുടങ്ങി. കോടതിയില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
ആന്ധ്രയുടെ ആവശ്യം നേടിയെടുക്കുന്നതില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സംസ്ഥാനത്തിന് വന്‍ സഹായമായ സാമ്പത്തിക പദ്ധതിയാണ് പ്രഖ്യാപിച്ചതെന്നും അത് തന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
















