ടെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെയുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റവരെ സൗദി അറേബ്യന്‍ അധികൃതര്‍ കൊന്നതാണെന്ന് ഇറാന്‍ പരമോന്നത നേതാവ്.
”ഹൃദയമില്ലാത്തവരും കൊലപാതകികളുമായ സൗദികള്‍ പരിക്കേറ്റവരെ മരിച്ചവര്‍ക്കൊപ്പം കണ്ടെയ്‌നറുകളിലാക്കി അടച്ചു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാനോ അവരെ സഹായിക്കാനോ, തുള്ളി വെള്ളം കൊടുക്കാനോ തയ്യാറായില്ല. അവരെ കൊല്ലുകയായിരുന്നു” ആയത്തുള്ള അലി ഖുമേനി ആരോപിച്ചു.
ഹജ്ജ് ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ വെബ്‌സൈറ്റിലൂടെയാണ് ഖുമേനിയുടെആരോപണങ്ങള്‍. സാധൂകരിക്കുന്ന തെളിവുകള്‍ ഖുമേനിക്കില്ല.
ഇറാന്‍ ഹജ്ജ് രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായെഫ് പ്രതികരിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ അയക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്ഥാടക സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ സൗദി അട്ടിമറിക്കുന്നതായും ഇറാന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഹജ്ജിനോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും 2426 പേര്‍ മരിച്ചു. ഇതില്‍ 464 തീര്‍ത്ഥാടകര്‍ ഇറാനികളാണെന്ന് ടെഹ്‌റാന്‍ വ്യക്തമാക്കി.
അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സൗദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
















