പത്തനംതിട്ട: ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിലെത്തിയാല്‍ കരിങ്കല്‍ ക്വാറി മാഫിയ സജീവമാകുന്ന സ്ഥിതിയാണ് ജില്ലയിലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍ പറഞ്ഞു.
ജില്ലയില്‍ അടുത്ത സമയത്ത് വീണ്ടും ഉയര്‍ന്നുവന്ന റാന്നി ചെമ്പന്മുടി, അടൂരിലെ കണിമല കരിങ്കല്‍ ക്വാറി വിവാദങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനകീയ സമരങ്ങളും വളരെ യാദൃശ്ചികമായി ഉണ്ടായതായി കാണാന്‍ കഴിയില്ല. കോടതി ഉത്തരവുകളുടെ ബലത്തിലാണ് ഈ കരിങ്കല്‍ ക്വാറികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത് എന്നാണ് അവകാശപ്പെടുന്നത്. ഇവിടെ കോടതികളില്‍ ഇതുസംബന്ധിച്ച് നടക്കുന്ന കേസുകളില്‍ സാധാരണ ജനങ്ങളുടെ ആവശ്യത്തിനൊപ്പം നില്‍ക്കേണ്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണ-ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ ക്വാറിമാഫിയകള്ക്കൊപ്പം നിന്ന് കോടതി വിധികള്‍ ജനങ്ങള്ക്കെതിരാക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇപ്പോള്‍ ജനകീയസമരങ്ങള്‍ നടക്കുന്ന പഞ്ചായത്തില്‍ ഒക്കെ ഇടതുപക്ഷ ഭരണ നേതൃത്വമാണ് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവണ്മെന്റിന്റെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ജില്ല മലയോര ജില്ലയായ പത്തനംതിട്ടയാണ്. നിയമപരമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളും ജില്ലയിലുണ്ട്. നദികളില്‍ നിന്നുള്ള മണലൂറ്റിന് നിലവിലുണ്ടായിട്ടുള്ള തടസ്സങ്ങള്‍ കെട്ടിടനിര്‍മ്മാണ മേഖലയെ ബാധിക്കുകയും അതോടൊപ്പം മണലിന് വലിയതോതില്‍ വിലവര്‍ദ്ധനവുണ്ടായ സാഹചര്യവുമാണ് ക്വാറിമാഫിയകള്‍ക്ക് ജില്ലയില്‍ സജീവമാകാനുള്ള കാരണം.
മണലിന് പകരമായി പാറമണല്‍ കെട്ടിടനിര്‍മ്മാണമേഖലയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ആറ്റുമണലിനെക്കാള് ലാഭകരമായി പാറമണല്‍ ലഭ്യമാക്കാവുന്ന സാഹചര്യവുമാണ്, ക്വാറികളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായിട്ടുള്ള വളര്ച്ചയ്ക്കുകാരണം. ഇതുമൂലമണ്ടായികൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ വളരെ വലുതാണ്.
ജില്ലയുടെ തെക്കുകിഴക്കു ഭാഗത്ത് ചേര്‍ന്നുകിടക്കുന്ന കലഞ്ഞൂര്‍ എന്ന മലയോരഗ്രാമപ്രദേശത്ത് ഏതാണ് 82 കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള മുതല്‍മുടക്കുള്ള മൂന്ന് ക്രഷര്‍ യൂണിറ്റുകള്‍ വെറും രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഈ ഗ്രാമ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. ഇതില്‍ മിക്കവയും ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതായും ഷാജി.ആര്.നായര്‍ പറഞ്ഞു. കോരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് ഒമ്പതോളം ലൈസന്‍സുകള്‍ കരിങ്കല്‍ ക്വാറികള്‍ ആരംഭിക്കുന്നതിന് ആവശ്യമാണ്.
ക്രഷര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കപ്പെടുന്ന ഭൂഗര്ജലത്തിന്റെയും ഉപരിതല ജലസ്രോതസ്സുകളുടെ ഉപഭോഗം സാധാരണക്കാരന്റെ കുടിവെള്ള ലഭ്യതയാണ് ഇല്ലാതാക്കുന്നത്. മലയോര മേഖലയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടികൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ വലിയ തോതില്‍ തന്നെ ജലസ്രോതസ്സുകളുടെ നിലനില്‍പ്പിനെതന്നെ ബാധിച്ചിട്ടുണ്ട്. ഗവണ്മെന്റ് തന്നെ ലക്ഷ്യമിട്ടിരിക്കുന്ന കോടികള്‍ മുടക്കിയുള്ള പോത്തുപാറ നീര്‍ത്തട പദ്ധതി പ്രദേശത്താണ് ഈ അതിക്രമങ്ങള്‍ നടക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം മൈക്രോ വാട്ടര്‍ ഷെഡായി പരിപാലിക്കപ്പെട്ട് ഭൂമിയുടെ ഉപരിതല ഘടനക്ക് ചെറിയതോതിലുള്ള മാറ്റം പോലും വരാതെ നിലനിര്‍ത്തേണ്ട പ്രദേശത്ത് വലിയതോതില്‍ നടക്കുന്ന ഈ കൈയ്യേറ്റത്തിന് രാഷ്ട്രീയ ഭരണ ഒത്താശകളാണ് ഉള്ളത്. ക്വാറി രംഗത്തേക്കുളള ചെറുകിട കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും അവര്‍ക്കുള്ള രാഷ്ട്രീയ ഭരണരംഗത്തെ സ്വാധീനവും സാധാരണക്കാരന്റെ സമര വീര്യത്തെ ചെറുതായി അല്ല ബാധിക്കുന്നത്. ജില്ലയിലെ ജനങ്ങള്‍ നടത്തുന്ന ഈ സമരങ്ങളെ ഗ്രാമപഞ്ചായത്തുകള്‍ പോലും അവഗണിക്കുന്നു എന്നതാണ ്വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പത്തുമിനിറ്റിലും പൊട്ടിച്ച പാറകള്‍ നിറച്ച ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ മലയിറങ്ങി പോകുന്ന കാഴ്ചയാണ് ജില്ലയില്‍ കാണുന്നത്. ഇതിനുപിന്നിലുള്ള വന്‍തോതിലുള്ള നികുതിവെട്ടിപ്പും അധികൃതര്‍ മനപൂര്‍വ്വമായി കണ്ടില്ലന്ന് നടിക്കുന്നു. പാറമടകള്‍ക്ക് ഇന്ന് ഏര്‍പ്പെടുത്തിയിരക്കുന്ന നികുതി സമ്പ്രദായം ”കോബൗണ്ട ് റോയല്‍റ്റി സിസ്റ്റം’ അനുസരിച്ചാണ്. ഇത് അനുസരിച്ച് ക്വാറി ഉടമകള്‍ മാത്രം നല്കുന്ന കണക്കാണ് നികുതി പിരുവിന് ആധാരമായിട്ടുള്ളത്. കോടികളുടെ നികുതി വെട്ടിപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്നും അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: