വാഷിംഗ്‌ടെണ്‍: ജോലിക്കാരിയോട് മോശമായി പെരുമാറിയ ഭാരതവംശജയായ ഐ.ടി മേധാവിക്കെതിരെ കേസെടുത്തു. യുഎസിലെ റോസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് ഐ.ടി സ്റ്റാഫിംഗ് എന്ന കമ്പനിയുടെ സിഇഒയായ ഹിമാന്‍ഷു ഭാട്ടിയയ്‌ക്ക് എതിരെയാണ് ഷീലാ സിങ്വാള്‍ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്.
യുഎസ് ലേബര്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ സുഖമില്ലാതായ ഷീലയെ നായ്‌ക്കള്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും, ഭാട്ടിയ വീട്ടിലില്ലാത്ത സമയം പട്ടിണിക്കിട്ടിരുന്നു എന്നും പറയുന്നു. കൂടാതെ ഷീലയുടെ പാസ്‌പോര്‍ട്ടും ഇവര്‍ കൈക്കലാക്കിയിരുന്നു. ഒടുവില്‍ 2014 ഡിസംബറില്‍ ലേബര്‍ നിയമങ്ങളെ കുറിച്ച് ഷീല അന്വേഷിക്കുന്നതായി കണ്ടെത്തിയ ഭാട്ടിയ അവരെ ജോലിയില്‍ നിന്നും പുറത്താക്കി. പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭാട്ടിയ ഷീലയ്‌ക്ക് കുറഞ്ഞ ശമ്പളം പോലും നല്‍കിയിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
2014 നവംബറില്‍ തന്നെ കൊണ്ട് ചില രേഖകളില്‍ അവര്‍ ഒപ്പുവച്ചുവെന്നും സിങ്വാള്‍ പറയുന്നു. തൊഴില്‍ പ്രശ്നങ്ങളില്ലെന്നും മാന്യമായി പ്രതിഫലം നല്‍കുന്നുണ്ടെന്നും ഈ രേഖയില്‍ പറയുന്നു. തൊഴില്‍ നിയമങ്ങളെ കുറിച്ച് സിങ്വാള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ രേഖകളില്‍ ഒപ്പുവയ്‌പ്പിച്ചത്.
വേജ് ആന്റ് അവര്‍ ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ ഭാട്ടിയ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടു. 2012 ജൂലായ് മുതല്‍ 2014 ഡിസംബര്‍ വരെ അടിസ്ഥാന ശമ്പളം പോലും ജോലിക്കാരിക്ക് നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. അതേസമയം, 2011ല ഇവരുടെ കമ്പനിയുടെ വരുമാനം 357 മില്യണ്‍ ഡോളറില്‍ കൂടുതലായിരുന്നു.
















