ണ്ണൂര്‍: അഴീക്കല്‍ ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 22.5 ലക്ഷം രൂപ ചെലവില്‍ ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്രദേശത്ത് ഉപ്പുവെള്ളമായതിനാല്‍ മൂന്നു കിലോമീറ്റര്‍ അകലെ നിന്ന് പൈപ്പ് വഴി ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി.
ആവശ്യമായ സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ അഴീക്കല്‍ തുറമുഖ വികസനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. ഫിഷറീസ് സ്‌കൂളുകളില്‍, താമസിച്ചുപഠിക്കുന്നവര്‍ക്കു പുറമെ ദിവസവും പോയിവരുന്ന കുട്ടികള്‍ക്കു കൂടി അടുത്തവര്‍ഷത്തോടെ പ്രവേശനം നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്. അതിനാവശ്യമായ രീതിയില്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കല്‍ ശ്മശാനം ഉയര്‍ത്തുന്നതിനാവശ്യമായ മണ്ണ് നല്‍കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അഴീക്കല്‍ നെറ്റ് ഫാക്ടറിയുടെ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
















