പത്തനംതിട്ട: അങ്ങാടിക്കല്‍ വടക്ക് നവകേരള ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 56ാം വാര്‍ഷികവും ഓണാഘോഷവും 14, 15, 16 തീയതികളില്‍ നടക്കും. 14ന് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൂക്കളമത്സരവും മറ്റ് കലാ കായിക മത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് കെ കെ നാരായണക്കുറുപ്പ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള വോളീബോള്‍ ടൂര്‍ണമെന്റ് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജ്, ഇരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് എന്നിവര്‍ തമ്മിലാണ് മത്സരം. രാത്രി ഏഴിന് നവകേരള ബാലവേദിയും കലാസമിതിയും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഓണനിലാവ് 2016 അരങ്ങേറും. 7.30ന് പത്തനംതിട്ട റിഥംസ് അവതരിപ്പിക്കുന്ന നൃത്തപരിപാടി.
15ന് കലാകായിക മത്സരങ്ങള്‍ തുടരും. വൈകിട്ട് 5.30ന് അവാര്‍ഡ്ദാനവും കവിയരങ്ങും നടത്തും. ക്ലബിന്റെ പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എം രാജേഷ് മെമ്മോറിയല്‍ അവാര്‍ഡും ഉന്നതവിദ്യാഭ്യാസരംഗത്തെ മികവിന് നല്കുന്ന ചിറമേല്‍ ഡോ. സി കെ അശോക്കുമാര് മെമ്മോറിയല്‍ അവാര്‍ഡും വിതരണം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് കുമ്പഴ ലിബര്‍ട്ടി, ചെന്നൈ പനിമലര്‍ കോളേജ് എന്നിവര്‍ തമ്മില്‍ വോളീബോള്‍ മത്സരം നടക്കും. ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി ഉദ്ഘാടനം ചെയ്യും.
16ന് രാവിലെ 9ന് നാരായണന് മണ്ണടി ഒരുക്കുന്ന നാണയങ്ങളുടെയും പുരാവസ്തുക്കളുടെയും പ്രദര്‍ശനം. കൊടുമണ്‍ ഗ്രമാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് നീന്തല്‍ മത്സരം, 3.30ന് വടംവലി മത്സരം എന്നിവ നടക്കും. 4.30ന് വോളീബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: