പത്തനംതിട്ട: നഗരത്തിലെ മാലിന്യസംസ്ക്കരണ പ്ലാന്റും അറവുശാലയും ജനജീവിതം ദുസ്സഹമാക്കുന്നു.
മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമുള്ള ജലസ്രോതസുകള്‍ മലിനമാകുന്നത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഈ ജലസ്രോതസ്സുകള്‍ ഇപ്പോള്‍ ഉപയോഗയുക്തമല്ല.അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഈ ജലസ്രോതസ്സുകളിലേക്കാണ് എത്തിച്ചേരുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴി തെളിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നും അറവുശാലയില്‍ നിന്നുമുള്ള അസഹനീയമായ ദുര്‍ഗന്ധം കാരണം വാഹന-കാല്‍നട യാത്രക്കാര്‍ പൊറുതിമുട്ടുന്നു. അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്താതിനാല് മാംസം അഴുകിയ ദുര്‍ഗന്ധമാണ് പ്രദേശത്ത്. നഗരത്തില്‍ നായ ശല്യം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനും അറവുശാലയിലെ മാലിന്യങ്ങള്‍ കാരണമാകുന്നു. പ്രഭാത സവാരിക്കാര്‍ നായ ശല്യം മൂലം വളരെയധികം ബുദ്ധിമുട്ടുന്നു. അറവുശാലയില്‍ നിന്നും നായ്ക്കള്‍ വലിച്ചു കൊണ്ടിടുന്ന മാംസാവശിഷ്ടങ്ങള്‍ റിങ് റോഡിന്റ് വശങ്ങളില് പലപ്പോഴും ദുര്‍ഗന്ധത്തിന് കാരണമാകുന്നു. പ്ലാന്റിനും അറവുശാലയ്ക്കും സമീപം സ്കൂളും ആശുപത്രിയും, ജില്ലാ വെറ്റിനറി കേന്ദ്രവും മറ്റു പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട.് അസഹനീയമായ ദുര്‍ഗന്ധം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. 4 മാസങ്ങള്‍ക്കു മുന്‍പും മാലിന്യ സംസ്ക്കരണ പ്ലാന്റില്‍ അഗ്നിബാധയുണ്ടായിരുന്നു. പ്ലാന്റില്‍ സംസ്ക്കരിക്കുന്നതിന് പകരം തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും അന്തരീക്ഷ മലിനീകരണത്തിനും തീപിടുത്തത്തിനും കാരണമാകുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വിഷാശം നിറഞ്ഞ പുക സമീപ പ്രദേശങ്ങളിലേക്ക് മുഴുവന്‍ വ്യാപിക്കാനിടയാക്കുന്നു. നഗരസഭയാകട്ടെ പ്ലാന്റ് നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. സ്ഥലം മാത്രം നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നും നഗരസഭ കയ്യെഴിയുന്നു. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ ഇതിന്റെ പ്രവര്‍ത്തനം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: