കണ്ണൂര്‍: ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കം ഒട്ടേറെ മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ കേരളം ഇന്ന് രാക്ഷസന്‍മാരുടെ പിടിയിലായെന്നും ഇത്തരം രാക്ഷസന്‍മാരില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ബിജെപി കര്‍ണാടക എംപി നളീന്‍ കുമാര്‍ കട്ടീല്‍ പ്രസ്താവിച്ചു.
ധര്‍മ്മടം മണ്ഡലത്തിലെ സജീവാംഗങ്ങളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാബലിയെയും നരേന്ദ്രമോദിയെയും സ്വീകരിക്കാനായി കേരളം കാത്തിരിക്കുകയാണ്. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തില്‍ ഒന്നര ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തത് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ഞെട്ടിച്ചിരുന്നു. അതിന്റെ പരിണാമമുണ്ടായത് ദീന്‍ദയാല്‍ ഉപാധ്യായയുടെ ദുരൂഹമരണമായിരുന്നു. ഇന്ന് അതേസ്ഥലത്ത് വീണ്ടും ബിജെപിയുടെ ദേശീയ സമ്മേളനം നടക്കുമ്പോള്‍ അത് ഭാരതവും ലോകവും ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ വട്ടിപ്രം, അഡ്വ.വി.രത്‌നാകരന്‍, ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു, എ.ജിനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















