ഓണത്തിന് മാറ്റു കൂട്ടുവാനായി പ്രകൃതി നല്‍കിയ സ്വാദിഷ്ടമായ വിഭവമാണ് നേന്ത്രക്കായ. ഇതിന്റെ പഴം പുഴുങ്ങി പപ്പടവും കായ വറുത്തതും കൂട്ടിക്കഴിക്കുന്നത് കഴിക്കുന്നത് ഓണക്കാലത്തെ മുഖ്യാഹാരമാണ്. ഓണക്കാലത്തെ അത്രസ്വാദ് മറ്റൊരു സമയത്തും വാഴപ്പഴത്തിന് ലഭിക്കുകയില്ല. വാഴകളില്‍ പ്രധാനിയാണ് നേന്ത്രവാഴ. അഥവാ ഏത്തവാഴ. ഒമ്പതുമാസംകൊണ്ട് വിളവെടുക്കാം.
നെടുനേന്ത്രന്‍, ചേറ്റുവാഴ, കരനേന്ത്രന്‍, ചങ്ങാലിക്കോടന്‍, തുടങ്ങിയ വിവിധയിനം വാഴകളുണ്ട്. ഇതില്‍ സ്വാദില്‍ മികച്ചത് ചങ്ങാലിക്കോടനാണ്. പഴുത്താല്‍ തൊലി സ്വര്‍ണ്ണനിറത്തിലാണ്. അതില്‍ വയലറ്റുനിറത്തില്‍ നെടുകെ ചില അടയാളങ്ങളും പഴുത്താലും കുറച്ചുകാലം കേടുകൂടാതെയിരിക്കും. ഏഴാം മാസം കുലവന്ന് പത്താം മാസത്തില്‍ കുലവെട്ടാം. ദേവതകള്‍ക്ക് കാഴ്ച വയ്‌ക്കുന്നതിനായി ചങ്ങാലിക്കോടനാണ് തെരഞ്ഞെടുക്കുന്നത്. ഗുരുവായൂര്‍ ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങളില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ നല്ലതിരക്ക് അനുഭവപ്പെടുന്നുണ്ട്.
നേന്ത്രന്‍ ഇനങ്ങളില്‍ നീളം കൂടുതലുള്ള ഇനമാണ് നെടുനേന്ത്രന്‍. കുംഭത്തില്‍ നട്ട് തുലാത്തില്‍ കുലവെട്ടുന്നതാണ് ചേറ്റുവാഴ. ഇതില്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നതാണ് കരനേന്ത്രന്‍. വാഴകൈകള്‍ക്ക് തവിട്ടുനിറവും, കൂടുതല്‍ പടലകളും കായകള്‍ക്ക് വലുപ്പവും ഇതിനുണ്ട്. കൃത്യമായുള്ള വളപ്രയോഗവും തെറ്റാതെയുള്ള നനയും നേന്ത്രവാഴകൃഷിയെ വിജയിപ്പിക്കുന്നു.
















