ക്ഷേത്രങ്ങളിലെ ഉത്സവബലി, നിത്യശിവേലി, സന്ധ്യാവേല എന്നിവയ്‌ക്കെല്ലാം ഉപയോഗിച്ചുവരുന്ന സുഷിര വാദ്യോപകരണമാണ് കുറുങ്കുഴല്‍. ശ്രുതിമധുനാദം ഇതില്‍നിന്നും ഉയരുന്നത് ഏവരുടേയയും മനസ്സിനെ നിര്‍വൃതികൊള്ളിക്കും. ശാസ്ത്രീയസംഗീതം അഭ്യസിച്ചവര്‍ക്ക് ഇതില്‍ നല്ലസാദ്ധ്യതകളുണ്ട്. ചെണ്ടമേളത്തില്‍ പാണ്ടിമേളത്തിന് ഭൈരവിരാഗവും പഞ്ചാരിക്ക് ശങ്കരാഭരണവും ആണ് വായിക്കുന്നത്. പാണ്ടിമേളത്തിന്റെ കൊലുമ്പല്‍ എന്ന ഭാഗത്തിനുശേഷം കുഴല്‍ക്കാരുടെ കൈകളില്‍ മേളത്തിന്റെ കമനീയത കാണേണ്ടതുതന്നെയാണ്.
ഇലഞ്ഞിത്തറമേളം നടക്കുമ്പോള്‍ ഇതുശരിക്കും അനുഭവപ്പെടും. അതുപോലെത്തന്നെ കുഴല്‍പറ്റിന് കുഴല്‍ക്കാരന്റെ കഴിവിനെ പുറത്തെടക്കുവാന്‍ പറ്റിയ അവസരംതന്നെയാണ്. ഉത്തരഭാരതത്തില്‍ പ്രചാരത്തിലുള്ള ഷഹനായ് എന്ന വാദ്യോപകരണം നമ്മുടെ കുറുങ്കുഴല്‍ തന്നെയാണ്.
ചെണ്ടമേളത്തിന്റെ ഭംഗിവര്‍ദ്ധിപ്പിക്കാനും കൊഴുപ്പുകൂട്ടാനുമായി താളംപിടിക്കുന്ന രീതിക്കും ഗതിക്കും അനുസരിച്ചാണ് കുറുങ്കുഴല്‍ വായിച്ചുവരുന്നത്. ചെണ്ടമേളങ്ങള്‍ ഭംഗിയാക്കിത്തീര്‍ക്കേണ്ടതിന്റെ ഭാരിച്ചഉത്തരവാദിത്വം തന്നെയാണ് കുഴല്‍പ്രമാണിക്കുള്ളത്. മേളത്തിന് കാലമിടുന്നതോടെ അതിന്റെ ആകെ സ്വരൂപം മാത്രമല്ല ഓരോകാലത്തിനും ആനുപാതികമായ സമയദൈര്‍ഘ്യം വൈചിത്ര്യം എന്നിവ ചെണ്ടപ്രമാണിയും കുഴല്‍ പ്രമാണിയും അപ്പപ്പോള്‍ നിശ്ചയിക്കും.
മേളത്തിന്റെ താഴ്ന്ന കലാശം, കുഴമറിയല്‍, ഉരുളുകോല്‍ കലാശങ്ങള്‍ എന്നിവയെകുറിച്ച് ചെണ്ടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് പ്രമാണിയായ കുഴല്‍ക്കാരനും കൂട്ടാളികളുമാണ്. നീണ്ടു നില്‍ക്കുന്ന ഒരുമേളത്തില്‍ ഏതുഘട്ടത്തിലും ചെണ്ട, കുഴല്‍, ഇലത്താളം, കൊമ്പ് എന്നീ ഏതുവിഭാഗക്കാര്‍ക്കും അസ്വാരസ്യംവരാതെ നോക്കേണ്ടത് കുഴല്‍ ്പ്രമാണിതന്നെയാണ്.
















