മീററ്റ്: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്ന ദാനമാജിയുടെ യാത്ര ഇനിയാവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കാത്തവരില്ല. എങ്കിലും ഉത്തരഭാരതത്തില്‍ ആവര്‍ത്തിക്കുന്നത് ഇതേ കഥകള്‍.
ഉത്തര്‍പ്രദേശിലെ ഭാഗ്‌പേട്ട് ജില്ലയില്‍ രണ്ടര വയസുള്ള മകളുടെ മൃതദേഹവുമായി അമ്മ ഇമ്രാന ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സിനായി ഓടി നടന്നത് രണ്ടുനാള്‍ മുമ്പ.് സഹായിക്കാന്‍ ആരും തയ്യാറായില്ല. പനി മൂര്‍ച്ഛിച്ചാണ് രണ്ടര വയസ്സുകാരി ഗുല്‍നാദ് മരിച്ചത്.
മീററ്റിലെ എല്‍പി ശര്‍മ്മ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ അസുഖത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ലാലാ ലജ്പത്‌റായ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഏറെ വൈകും മുമ്പ് കുട്ടി മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇമ്രാന ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചെങ്കിലും വിസമ്മതിച്ചു. മറ്റ് ജില്ലകളിലേക്ക് യാത്ര പോകില്ലെന്ന പേരില്‍.
ഒരു സ്വകാര്യ ആംബുലന്‍സിനെ സമീപിച്ചെങ്കിലും അവര്‍ ആവശ്യപ്പെട്ട 2500 രൂപ നല്‍കാനില്ലായിരുന്നു. ഒരു രാത്രി മുഴുവന്‍ മകളുടെ മൃതദേഹം മടിലിരുത്തി കരഞ്ഞ അമ്മയെ അടുത്ത ദിവസം ആശുപത്രിയിലെത്തിയവരില്‍ ചിലരാണ് ആംബുലന്‍സ് സംഘടിപ്പിച്ച് നാട്ടിലേക്കയച്ചത്.
















