ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമെന്ന് സിപിഎം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് നല്‍കിയതെന്നും സിപിഎം മുഖപത്രം പീപ്പിള്‍സ് ഡമോക്രസി കുറ്റപ്പെടുത്തുന്നു.
കശ്മീരിനു പുറമേ, പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിലും നടത്തുന്ന മനുഷ്യാവകാശ നിഷേധ പ്രവര്‍ത്തനങ്ങള്‍ ഭാരതം ലോകത്തിനു മുന്നില്‍ കൊണ്ടുവരുകയാണ്. ഇത് രാഷ്‌ട്രീയഭേദമന്യേ സ്വാഗതം ചെയ്യെപ്പടുന്നു. അപ്പോഴാണ് ദേശീയ താത്പര്യത്തിനെതിരെ സിപിഎം പ്രചാരണം.
ബലൂചിസ്ഥാനിലെ ഭരണകൂട അതിക്രമത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുമ്പോഴാണ് പാക്കിസ്ഥാന്റെ അതേ വാദങ്ങള്‍ സിപിഎം മുഖപത്രവും ആവര്‍ത്തിക്കുന്നത്.
ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമാണെന്ന് ഉറപ്പിക്കുന്ന മുഖപ്രസംഗം എന്നാല്‍ കശ്മീരില്‍ പാക് പിന്തുണയോടെ വിഘടനവാദികള്‍ നടത്തുന്ന സംഘര്‍ഷത്തെ ജനകീയമെന്ന് വിശേഷിപ്പിക്കുന്നു. കശ്മീരിലെ സംഘര്‍ഷത്തെ ക്രമസമാധാന പ്രശ്‌നം മാത്രയി കാണരുതെന്നും ഭാരത- പാക്കിസ്ഥാന്‍ സംഘര്‍ഷമായി മാറ്റരുതെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.
സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖപ്രസംഗം പാക് ഭീകരപ്രവര്‍ത്തനത്തെ അപലപിക്കുന്നില്ല. കശ്മീര്‍ ഭാരതത്തിന്റേതാണെന്ന കൃത്യമായ നിലപാടില്ല. മുഖപ്രസംഗം കശ്മീരിന്റെ സ്വയംഭരണവും ഓര്‍മിപ്പിക്കുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര നിലപാട് സ്വാഗതം ചെയ്തു. ഇതിന് കോണ്‍ഗ്രസ്സിനെയും വിമര്‍ശിക്കുന്ന സിപിഎം മുഖപത്രം കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച ആരംഭിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
















