മല്ലപ്പളളി: ~മേല്‍ക്കൂര തകര്‍ന്നിട്ട് ഒരു വര്‍ഷം ആയിട്ടും കോട്ടാങ്ങല്‍ മൃഗാശുപത്രിയുടെ ദുരിതം ഒഴിയുന്നില്ല. ഒരു വര്‍ഷം മുന്‍പ് ഒരു കാറ്റിലും മഴയിലും ഒരു വട്ടമരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്ന് കിടക്കുകയാണ് പ്രധാന കെട്ടിടം. മേല്‍ക്കൂരയുടെ കഴുക്കോലും പട്ടികയും ഓടും തകര്‍ന്ന് മുറിയ്ക്കുള്ളിലേക്കാണ് വീണത്.പ്രവര്‍ത്തി ദിവസമായിരുന്നിട്ടും 3 ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.മഴ പെയ്താല്‍ നനയാതിരിയ്ക്കാന്‍ ജീവനക്കാര്‍ തന്നെ പണം മുടക്കി ഒരു ടാര്‍പോളിന്‍ ഷീറ്റ് വാങ്ങി കെട്ടിടത്തിന്റെ മുകളില്‍ വിരിച്ചു. പിന്നീട് ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ ഭരണ പരിധിയില്‍ പെടുന്നതാണ് ഈ മൃഗാശുപത്രി .പഞ്ചായത്ത് 4ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയുടെ ഈ അവസ്ഥ പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നു.40 വര്‍ഷത്തെ പഴക്കമുള്ള ആദ്യത്തെ കെട്ടിടമാണ് ഇത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുമാണ്. മൃഗാശുപത്രി ഇവിടെ അനുവദിച്ചപ്പോള്‍ അടങ്ങന്നൂര്‍ മൊയ്തീന് കുട്ടി എന്നയാള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 25 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതാണ് ഈ സ്ഥലം.അക്കാലം മുതല്‍ ഈ സ്ഥലത്ത് വളര്‍ന്ന തേക്കുകളും ആഞ്ഞിലി മരങ്ങളും വട്ടകളും വെട്ടി മാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. പാറ നിറഞ്ഞ സ്ഥലം കൂടിയായതിനാല്‍ കാറ്റടിച്ചാല്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാദ്ധ്യത ഏറെയുണ്ട്. ഇതു മൂലം ജീവനക്കാര്‍ ഭീതിയിലാണ്. മൃഗാശുപത്രിയുടെ മുറ്റത്ത് നില്ക്കുന്ന ഒരു വാകമരത്തിന്റെ കൊമ്പുകള്‍ ഒടിഞ്ഞു വീണ് പല പ്രാവശ്യം ഓട് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തന്നെയുമല്ല വാകമരത്തിന്റെ വേര് വളര്ന്ന്കെട്ടിടത്തിന്റെ അടിത്തറയിലേക്ക് കയറി അടിത്തറയും ഇളകിക്കൊണ്ടിരിക്കുന്നു. മറ്റൊരു മരം വീണ് ഉപയോഗശൂന്യമായി കിടക്കുന്നതും കാണാം.പ്രധാന കെട്ടിടത്തിന് സമീപത്തായി മറ്റൊരു കോണ്‍ക്രീറ്റ് കെട്ടിടം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. അതും മഴ നനഞ്ഞ് പായല്‍ പിടിച്ചും, ഭിത്തികള്‍ വിണ്ടുകീറിയും ബലക്ഷയമായിട്ടുണ്ട്. മൃഗാശുപത്രിയുടെ മുറ്റത്തോട് ചേര്‍ന്നാണ് പുലിയുറുമ്പ് റോഡ് കടന്ന് പോകുന്നത്.റോഡും മുറ്റവും വേര്‍തിരിച്ച് ഒരു ചുറ്റുമതിലില്ലാത്തത് രാത്രി കാലങ്ങളില്‍ മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും വിഹാര രംഗമാകുന്നതിനും അവസരമുണ്ടാകുന്നു. ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2015ല്‍ മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ അനുമതിയും അംഗീകാരവും ലഭിച്ചെങ്കില്‍ മാത്രമെ പണം ചെലവഴിയ്ക്കാനാവൂ എന്നതിനാല്‍ പഞ്ചായത്തധികൃതരുടെ കണ്ണു തുറക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: