ന്യൂദൽഹി: പീഡനക്കേസിനെ തുടർന്ന് ദൽഹി മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ എഎപി നേതാവ് സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.
യുവതി റേഷൻകാർഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് സന്ദീപിനെ കാണാൻ ചെന്നിരുന്നു. ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പുനൽകിയ അദ്ദേഹം കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്നു കലർത്തുകയായിരുന്നു. തുടർന്ന് തന്നെ പീഡീപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തെന്നാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
സന്ദീപിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ കാരണമായ വിഡിയോ പുറത്തായതിനെ തുടർന്ന് സ്ത്രീ എൻജിഒയെ സമീപിക്കുകയും അവരുടെ നിർദേശാനുസരണം പരാതി നൽകുകയുമായിരുന്നു. സന്ദീപ് മന്ത്രിയായിരുന്നപ്പോഴാണ് സംഭവമുണ്ടായതെന്നും സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും ഡപ്യൂട്ടി കമ്മിഷണർ വിക്രംജിത് സിങ് പറഞ്ഞു.
അശ്ലീല സിഡി പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിയമസഭയിൽനിന്നും പാർട്ടിയിൽനിന്നും സന്ദീപിനെ പുറത്താക്കിയത്.
















