കിങ്സ്റ്റണ്‍: ലോകകപ്പ് ഫു്ടബോള്‍ കോണ്‍കകാഫ് മേഖലാ യോഗ്യതാ റൗണ്ടില്‍ യുഎസിനും മെക്‌സിക്കൊയ്‌ക്കും തകര്‍പ്പന്‍ ജയം. യുഎസ് സെന്റ് വിന്‍സന്റിനെ മടക്കമില്ലാത്ത ആറു ഗോളിനു തുരത്തിയപ്പോള്‍, മെക്‌സിക്കൊ 3-1ന് എല്‍ സാല്‍വദോറിനെ കീഴടക്കി.
എതിരാളികളെ നിലംതൊടാനനുവദിച്ചില്ല യുഎസ്. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഇരട്ട ഗോളുകള്‍ ജയത്തിനു പകിട്ടേറ്റി. 71, 90 മിനിറ്റുകളിലാണ് പുലിസിച്ച് ലക്ഷ്യം കണ്ടത്. ബോബി വുഡ് (28), മാറ്റ് ബെസ്ലെര്‍ (32), ജോസി അള്‍റ്റിഡോര്‍ (43), സാച്ച കിയെസ്റ്റന്‍ (78) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പ് സിയില്‍ അഞ്ചു കളികളില്‍ പത്തു പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു യുഎസ്. ഗ്വാട്ടിമാലയോട് സമനിലയില്‍ കുരുങ്ങേണ്ടി വന്നെങ്കിലും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗൊ 11 പോയിന്റോടെ ഒന്നാമത് തുടരുന്നു.
എല്‍സാല്‍വദോറിനെ 3-1നു തോല്‍പ്പിച്ച് മെക്‌സിക്കൊ ഗ്രൂപ്പ് എയില്‍ നിന്ന് അടുത്ത റൗണ്ടിലേക്കു മുന്നേറി. അഞ്ച് കളികളില്‍ 15 പോയിന്റായി ടീമിന്. 24ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ലാറിനിലൂടെ മുന്നിലെത്തിയ സാല്‍വദോറിനെ രണ്ടാം പകുതിയിലാണ് മെക്‌സിക്കൊ തളച്ചത്. ഹെക്റ്റര്‍ മൊറെനൊ, എയ്ഞ്ചല്‍ സെപുല്‍വെദ, റൗള്‍ ജിമെനെസ് റോഡ്രിഗസ് എന്നിവര്‍ സ്‌കോറര്‍മാര്‍. കാനഡയെ 2-1നു കീഴടക്കി ഹോണ്ടുറാസ് ഗ്രൂപ്പില്‍ രണ്ടാമത്. 35ാം മിനിറ്റില്‍ മഞ്ജരേക്കര്‍ ജയിംസിലൂടെ മുന്നിലെത്തിയ കാനഡയെ മരിയൊ മാര്‍ട്ടിനെസ് (45), റോമെല്‍ ക്വിറ്റൊ എന്നിവരിലൂടെ മറികടന്നു ഹോണ്ടുറാസ്. ഏഴു പോയിന്റായി ടീമിന്.
ഗ്രൂപ്പ് ബിയില്‍ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കോസ്റ്ററിക്ക ഒന്നാമത്. റാന്‍ഡെല്‍ അസൊഫെയ്റ്റയുടെ ഗോളാണ് കോസ്റ്ററിക്കയ്‌ക്ക് ജയമൊരുക്കിയത്. ടീമിന് 13 പോയിന്റായി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പാനമ 2-0ന് ജമൈക്കയെ തോല്‍പ്പിച്ചു. ഗബ്രിയേല്‍ ടോറസ്, അബിദെയ്ല്‍ അറൊയൊ എന്നിവര്‍ സ്‌കോറര്‍മാര്‍. പത്തു പോയിന്റുമായി പനാമ രണ്ടാമത്.
















