ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷന്മാരില്‍ ഒന്നാം സീഡ് നൊവാക് ദ്യോകൊവിച്ചും, നാലാം സീഡ് റാഫേല്‍ നദാലും പ്രീ ക്വാര്‍ട്ടറില്‍. എതിരാളി മിഖായേല്‍ യൂഷ്‌നി പിന്മാറിയതോടെ ദ്യോകൊയ്‌ക്ക് മുന്നേറ്റം.
ആദ്യ സെറ്റില്‍ ദ്യോകൊ 4-2ന് മുന്നിട്ടു നില്‍ക്കെ യൂഷ്‌നി പിന്മാറിയത്. നദാല്‍, തുടര്‍ച്ചയായ സെറ്റില്‍ സീഡില്ലാ താരം ആന്ദ്രെ കുസ്‌നെട്‌സോവിനെ കീഴടക്കി, സ്‌കോര്‍: 6-1, 6-4, 6-2. വനിതകളിലെ രണ്ടാം സീഡ് ആഞ്ജലീന കെര്‍ബറും നാലാം റൗണ്ടില്‍. കാതറിന്‍ ബെല്ലിസിനെ 6-1, 6-1നു തുരത്തി കെര്‍ബര്‍.
പുരുഷന്മാരില്‍ ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, പത്താം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സ് എന്നിവരും നാലാം റൗണ്ടിലെത്തി. സോംഗ, 23ാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണിനെ മടക്കി, സ്‌കോര്‍: 6-3, 6-4, 7-6. മോണ്‍ഫില്‍സ്, നിക്കോളസ് അല്‍മഗ്രൊയെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-4, 6-2, 6-4. അതേസമയം, ഏഴാം സീഡ് മരിയന്‍ സിലിച്ചിന് തോല്‍വി. 26ാം സീഡ് ജാക്ക് സ്റ്റോക്ക് മടക്കി സിലിച്ചിനെ, സ്‌കോര്‍: 6-4, 6-3, 6-3. മാര്‍ക്ക് ബാഗ്ദാത്തിസ്, ലൂക്കാസ് പൗലി എന്നിവരും മുന്നേറി.
വനിതകളില്‍ കരോളിന്‍ വൊസ്‌നിയാക്കി, മാഡിസണ്‍ കീസ്, റോബര്‍ട്ട വിന്‍സി, പെട്ര ക്വിറ്റോവ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍. മോണിക്ക നിക്യുലെസ്‌ക്യുവിനെ 6-3, 6-1നു തോല്‍പ്പിച്ചു വൊസ്‌നിയാക്കി. നവോമി ഒസാക്കയെയാണ് മാഡിസണ്‍ മറികടന്നത്, സ്‌കോര്‍: 7-5, 4-6, 7-6.
റോബര്‍ട്ട വിന്‍സി, കരിന വിത്യോഫ്റ്റിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-0, 5-7, 6-3. പെട്ര ക്വിറ്റോവ, എലിന സ്വിറ്റോലിനയെ കീഴടക്കി, സ്‌കോര്‍: 6-3, 6-4. ജൊഹാന കോണ്ട, ലെസിയ സുരെങ്കൊ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍. 12ാം സീഡ് ഡാനിയേല സിബ്ലുകോവയെ വീഴ്‌ത്തി സുരെങ്കൊയുടെ മുന്നേറ്റം.
















