കോട്ടയം: കൊട്ടാരങ്ങളും നാലുകെട്ടുകളും സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ക്ഷത്രിയ ക്ഷേമസഭ ഇവയുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കുന്നു. ജീര്‍ണിച്ച കൊട്ടാരങ്ങള്‍ പൈതൃക സംരക്ഷണ കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിയ കൊട്ടാരങ്ങളുടെ വിവരങ്ങളും സഭയെ അറിയിക്കാം.
ക്ഷത്രിയ സമുദായ ആചാരങ്ങള്‍ പാലിക്കുന്ന വിവിധ ഉപവിഭാഗങ്ങളെ ചേര്‍ത്ത് ക്ഷേമസഭയുടെ സെന്‍സസ് പൂര്‍ത്തിയാക്കാനും സംസ്ഥാന നിര്‍വാഹക സമിതി യോഗം തിരുമാനിച്ചു. കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്കു പുറമെ പൂണുനൂല്‍ ഉള്ളതും ഇല്ലാത്തതുമായ ക്ഷത്രിയര്‍ (ക്ഷത്രിയര്‍, സാമന്ത ക്ഷത്രിയര്‍) മാത്രമാണ് സഭയില്‍ കൂടുതലായും അംഗത്വം എടുത്തിരുന്നത്. സഭയുടെ പ്രാദേശിക ശാഖകള്‍ക്ക് ഉപഘടകങ്ങളെ കൂടി ചേര്‍ത്തു സംഘടന വിപുലീകരിക്കാം. എന്നാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാവുന്ന അപേക്ഷകളില്‍ സംസ്ഥാന നിര്‍വാഹക സമിതിയുടേതായിരിക്കും അന്തിമ തീരുമാനം.
വിവരങ്ങള്‍ അറിയിക്കേണ്ട മേല്‍വിലാസം: ആത്മജവര്‍മ്മ തമ്പുരാന്‍, ജനറല്‍ സെക്രട്ടറി, ക്ഷത്രിയ ക്ഷേമസഭ, സുന്ദരവിലാസം കൊട്ടാരം, കോട്ടയ്‌ക്കകം, തിരുവനന്തപുരം.ഫോണ്‍: 0471 2467845., 9349509027.
















