സ്വപ്നങ്ങള്‍ കാണൂ. സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമായിതീരുമെന്ന അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ കേട്ടല്ല ഫോര്‍ട്ട് കൊച്ചിക്കാരന് എം.വി. മാണിയുടെയും സുജാതയുടെയും ഇളയ മകനായ വിനയ് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. നാലാം ക്ലാസുമുതല്‍ നെയ്തെടുത്ത സ്വപ്നങ്ങള്‍ അവനെ മുന്നോട്ടു നയിച്ചു. കലാപാരമ്പര്യമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച പ്രയാണത്തിനൊടുവില്‍ അവന് തന്റെ കിസ്മത്ത് കണ്ടെത്തി. ഷട്ടറിലെ ഓട്ടോക്കാരനായും പ്രേമത്തിലെ നര്‍മ്മം നിറഞ്ഞ പ്രൊഫസറായും കിസ്മത്തിലെ പരുക്കനായ എസ്ഐയായും വ്യത്യസ്തവേഷങ്ങളിലൂടെ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായ വിനയ് ഫോര്‍ട്ടിന്റെ വിശേഷങ്ങളിലേക്ക്.
സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍
സ്കൂള്‍ ജീവിതം കൊച്ചിയിലെ സെന്റ്ജോണി ബ്രിട്ടോ ബോയ്സ് സ്കൂളിലായിരുന്നു. സ്കൂളില്‍ ശരാശരിക്കാരനായിരുന്നു. പറയത്തക്ക കലാപാരമ്പര്യം ഇല്ല. സ്കൂളിലും കലാവാസനകള്‍ക്ക് പ്രോത്സാഹനമുണ്ടായില്ല. നാലാം ക്ലാസുമുതല്‍ സ്വപ്നങ്ങളില്‍ സിനിമ കടന്നുവന്നിരുന്നു. ലുക്കും ഫീസുമൊന്നുമില്ലെങ്കിലും നമുക്ക് സ്വപ്നം കാണുന്നതിന് തടസമില്ലല്ലോ. ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചതാണ് ഏക പരിചയം.
ഇന്ന് എന്റെ സ്കൂളില്‍പോയാല്‍ അവിടെ പഠിച്ചിരുന്നോയെന്നുപോലും ആര്‍ക്കുമറിയില്ല. കോളേജ് ജീവിതവും ഭിന്നമായിരുന്നില്ല. ഇടക്കൊച്ചി അക്വിനസ് കോളേജിലായിരുന്നു പഠനം. പ്രീഡിഗ്രി കഴിയുംവരെ കലയുമായി ബന്ധമില്ല. ഡിഗ്രി എത്തിയതോടെ നാടകത്തില്‍ സജീവമായി. കോളേജില്‍ പഠിക്കുമ്പോള്‍ ലോകധര്‍മ്മി നാടകഗ്രൂപ്പുമായി ബന്ധപ്പെട്ടു. അഞ്ചുവര്‍ഷം അവരോടൊപ്പം സജീവമായി നാടകം കളിച്ചു. അതായിരുന്നു വഴിത്തിരിവ്. 2004-06ലെ ബെസ്റ്റ് സീനിയര്‍ തീയേറ്റര്‍ ആക്ടര്‍ക്കുള്ള നാഷണല്‍ സ്കോളര്‍ഷിപ്പ് കിട്ടി. പിജി ആദ്യവര്‍ഷം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ച് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്. എന്റെ സീനിയറായ നിഷാന്‍ വഴിയാണ് 2009 ല്‍ ശ്യാമപ്രസാദിന്റെ ഋതുവിലെത്തുന്നത്.
പ്രയത്നങ്ങള്‍
പഠിക്കുന്ന സമയത്ത് കോഫീഷോപ്പിലും റെസ്റ്റോറന്റിലും മെഡിക്കല്‍ഷോപ്പിലും കാള്‍സെന്ററിലും സോര്ടുമാര്ക്കറ്റിലും പണിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം നാടകം കളിച്ചു നടക്കുമ്പോള്‍ യാത്രയ്ക്കും ഭക്ഷണത്തിനും പണം വേണ്ടേ. പ്ലസ്ടു കഴിഞ്ഞപ്പോള്‍ മുതല്‍ സ്വന്തം ചെലവിനായി അധ്വാനിച്ചുതുടങ്ങി. 15 വയസ്സുകഴിയുമ്പോള്‍ തന്നെ കുട്ടികള്‍ സ്വയംപര്യാപ്തരാവാന്‍ ശ്രമിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കുട്ടിക്കാലത്തുതന്നെ സ്വന്തമായി വരുമാനം കണ്ടെത്തുമ്പോള്‍ നമുക്ക് പലതിന്റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയും.
നടനെന്ന നിലയില്‍
നടനെന്ന നിലയില്‍ ബ്രേക്ക് തന്നത് സിബിമലയിലിന്റെ അപൂര്‍വരാഗമാണ്. ഷട്ടറിലെ ഓട്ടോക്കാരനായ സുരന് ശക്തമായ കഥാപാത്രമായിരുന്നു. പോപ്പുലറാക്കിയത് പ്രേമത്തിലെ പ്രൊഫസര്‍ വിമല്‍ ആണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, ഹലോ നമസ്തേ എന്നിവയിലെ കഥാപാത്രങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നവയാണ്. പ്രേമത്തിനുശേഷം തമാശ കഥാപാത്രങ്ങളുടെ ഒഴുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തിരഞ്ഞെടുത്ത കഥാപാത്രമാണ് കിസ്മത്തിലെ അജയ് മേനോന് എന്ന എസ്ഐ. പക്ഷേ എനിക്ക് വെല്ലുവിളിയുയര്‍ത്തിയ ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഗോഡ്സേ എന്ന ചിത്രത്തിലെ അരാജ്യവാദിയായ റേഡിയോ അനൗണ്‍സറുടെ വേഷമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. മറ്റെല്ലാ സിനിമകളിലും ചുറ്റുമുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഗോഡ്സേയില് അങ്ങനെയല്ല. വെറും വയറ്റില്‍ കള്ളു കുടിക്കുന്ന, എന്നാല്‍ സക്രിയനായ കഥാപാത്രം. ഇങ്ങനെ വെള്ളമടിച്ചു ജീവിക്കുന്ന അയാള്‍ ഗാന്ധിയനായി മാറുന്ന കഥ. ജീവിതത്തിലൊരിക്കലും ഞാന്‍ മദ്യപിച്ചിട്ടില്ല. ഗോഡ്സേയുടെ ജീവിതം എനിക്ക് പരിചിതമല്ലായിരുന്നു. അത് ശരിക്കും വെല്ലുവിളിയായിരുന്നു.
കിസ്മത്ത്
കിസ്മത്തിലെ പോലീസ് വേഷം നന്നായി എന്ന് പലരും പറഞ്ഞു. പ്രേമത്തിനുശേഷം തമാശയ്ക്ക് പ്രാധാന്യം നല്കുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. എല്ലാ സിനിമകളിലും മുഖം കാണിച്ച് പോപ്പുലര്‍ ആവുക എന്ന ലക്ഷ്യമില്ല. അതുകൊണ്ടാണ് പ്രേമത്തിനുശേഷം സമാന കഥാപാത്രങ്ങള്‍ സ്വീകരിക്കാതിരുന്നത്. സുഹൃത്തായ ഷാനവാസ് കിസ്മത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് മച്ചാനേ, ഞാനൊരിക്കലും ഈ എസ്ഐയെ ‘ഡാര്‍ക്ക്’കഥാപാത്രമാക്കില്ല എന്നാണ്. പോലീസ് ജോലി താല്പര്യമില്ലാതെ അതില്‍ വന്നുചേരുന്ന നിരവധിയാളുകളുണ്ട്. അവരുടെ മനോഭാവവും നമുക്ക് ചുറ്റുമുള്ള സ്റ്റേഷനുകളിലെ പോലീസുകാരുടെ പെരുമാറ്റവുമെല്ലാം അജയ് സി മേനോന് എന്ന എസ്ഐയ്ക്കുണ്ട്. ആ വേഷം മോശമാക്കിയില്ല എന്നാണ് വിശ്വാസം.
ചെറിയ സിനിമകളുടെ ഭാഗമാകുന്നത്
പോപ്പുലര്‍ സിനികളുടെയോ കോമേഴ്സ്യല്‍ സിനിമകളുടെയോ ഭാഗമാകുക എന്നത് മാത്രമല്ല അഭിനയം. ഒരു താരം, നായകന് എന്നതിലുപരി നല്ല അഭിനേതാവാകണം എന്നതാണ് സ്വപ്നം. ഇന്നത്തെ തലമുറയ്ക്ക് ഭരത്ഗോപി, നസറുദീന്‍ഷാ, ലാല്‍ തുടങ്ങിയവരെ പോലുള്ളവര്‍ പാഠപുസ്തകങ്ങളാണ്. വരും തലമുറയ്ക്ക് റഫറന്‍സിനായി അഭിനയമേഖലയില്‍ നമുക്ക് എന്തെങ്കിലും അവശേഷിപ്പിക്കാന്‍ കഴിയുമോ,അതിനുവേണ്ടിയാവും പരിശ്രമിക്കുക. സിനിമ വലുതോ ചെറുതോ എന്ന് നോക്കാറില്ല. താരമൂല്യമുള്ള നടന്മാരാണ് ഇന്ന് സിനിമ നിയന്ത്രിക്കുന്നത്. ചെറിയ സിനിമകള്‍ക്ക് മുതല്‍ മുടക്കാന്‍ ആളില്ല. തിയേറ്ററുകള്‍ കിട്ടില്ല. ചെറിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അതിന്റേതായ പ്രതിസന്ധികള്‍ നമുക്കും അനുഭവിക്കേണ്ടിവരും. അഭിനേതാക്കള്‍ക്കല്ല, താരമുല്യത്തിനാണ് പ്രാധാന്യം. കഥാപാത്രത്തെ ചിലപ്പോള്‍ സൂപ്പര്‍ താരം അഭിനയിക്കുന്നതിനേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ എന്നെ പോലുള്ള നടന് സാധിച്ചേക്കും. പക്ഷേ ആ സിനിമ തേടി വരണമെന്നില്ല. ഇതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പ്രണയം തന്ന ഭാഗ്യം
നീണ്ട പരിചയത്തിനുശേമാണ് സൗമ്യ രവി ജീവിതത്തിലേക്കു വന്നത്. ഞങ്ങള്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരായിരുന്നു. സിനിമയ്ക്ക് പിന്നാലെ നടക്കുന്നയാള്‍ക്ക് എന്ത് ഗ്യാരന്റി എന്ന ചോദ്യമുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിന് തന്നെ ഗ്യാരന്റിയില്ലല്ലോ. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനസമയത്ത് രണ്ട് അന്ത്യരംഗങ്ങള്‍ എന്ന നാടകം കളിച്ചിരുന്നു. എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ നാടകത്തിനെത്തുമ്പോഴാണ് സൗമ്യയുമായി അടുക്കുന്നത്. സൗമ്യ നന്നായി പാടും. വിവാഹത്തിന് വലിയ പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല. സൗമ്യ കലയെ സീരിയസായി കാണുന്ന ആളാണെന്ന് തോന്നുന്നു. വിമര്‍ശനമൊക്കെയുണ്ട്. ഷട്ടറിലെയും കിസ്മത്തിനെയും കഥാപാത്രം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ടിവി ഷോ കണ്ടിട്ട് അന്യായ ബോറാണ് കേട്ടോ എന്നാണ് കമന്റ്.
നാടകമെന്ന വീട്
നാടകം നമ്മുടെ കൂടെയുണ്ട്. സ്വന്തം വീടുപോലെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാവുന്ന സ്ഥലം. പത്തുവര്‍ഷം സിനിമയില്‍ ചുവടുറപ്പിച്ചാല്‍ വീണ്ടും നാടകത്തില്‍ സജീവമാകും. ഇപ്പോഴും നാടകങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവ പങ്കാളിയാണ്.
പുതിയ വേഷങ്ങള്‍
‘ഗോഡ്സേ’യ്ക്കു പുറമെ ‘അവരുടെ രാവുകള്‍’ പ്രതീക്ഷ നല്കുന്ന ചിത്രമാണ്. ആസിഫ് അലി, ഉണ്ണി മുകുന്ദന് എന്നിവര്‍ക്കൊപ്പം മുഖ്യവേഷം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: