ചെങ്ങന്നൂര്‍: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പ്പാത ഇന്ന് കമ്മീഷന്‍ ചെയ്യും. വൈകുന്നേരത്തോടെ പുതിയ പാതയിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങും. പുതിയ പാതയിലേക്ക് സിഗ്നല്‍ സംവിധാനം മാറ്റുന്നതിനായി ഇന്ന് 12.15 മുതല്‍ 4.15 വരെ നാലുമണിക്കൂര്‍ ചെങ്ങന്നൂര്‍ തിരുവല്ല പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടും.
പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ക്രോസിങ്ങ് മൂലുള്ള സമയനഷ്ടം ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
പഴയ പാളത്തില്‍ നിന്ന പോയിന്റുകള്‍ പുതിയ പാതയിലേക്ക് മാറ്റി ഘടിപ്പിക്കുന്നതോടെ (കട്ട് ആന്റ് കണക്ഷന്‍) ഇതുവഴി തീവണ്ടികള്‍ ഓടി തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
പാതയിലൂടെ കഴിഞ്ഞ 25ന് റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ സുദര്‍ശന്‍ നായികിന്റെ നേതൃത്വത്തില്‍ സ്പീഡ് ട്രയല്‍ നടത്തിയിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടി പായിച്ചായിരുന്നു നിരീക്ഷണം. പാളത്തിന്റെ കേടുപാടുകളും സുരക്ഷയും വിലയിരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഘടിപ്പിച്ച തീവണ്ടിയിലായിരുന്നു പരിശോധന. പരിശോധന തൃപ്തികരമായതിനെ തുടര്‍ന്ന് പാതയ്‌ക്ക് അനുകൂലമായ റിപ്പോര്‍ട്ട് അദ്ദേഹം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു.
ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ പാളം ഉറപ്പിക്കല്‍ ജൂണ്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയായിരുന്നു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 21ന് വേഗത കുറച്ച് തീവണ്ടി ഓടിച്ചിരുന്നു. ആഗസ്റ്റ് 15ന് ഇലക്ട്രിക് എഞ്ചിന്‍ ഉപയോഗിച്ച് പരിശോധന നടത്തി വൈദ്യൂതീകരണ ജോലികള്‍ തൃപ്തികരമെന്ന് ഉറപ്പ് വരുത്തിയിരുന്നു.
















