കേപ്ടൗണ്‍: കഴിഞ്ഞ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്ടപ്പെടുത്തിയത് സംവരണ മാനദണ്ഡമെന്ന് നായകന്‍ എ.ബി. ഡിവില്ലേഴ്‌സ്. കറുത്തവരുടെ എണ്ണം തികയ്‌ക്കാനുള്ള ശ്രമങ്ങളാണ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടുള്ള തോല്‍വിക്കു കാരണമെന്നും ഡിവില്ലേഴ്‌സ് പറയുന്നു. ‘എ.ബി: ദി ഓട്ടോ ബയോഗ്രഫി’ എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തല്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ. എന്നാല്‍, സെമിക്കു മുന്‍പുള്ള ടീം മീറ്റിങ്ങില്‍, കെയ്ല്‍ അബോട്ടിനെ ഒഴിവാക്കി വെര്‍നോണ്‍ ഫിലാന്‍ഡറെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിച്ചു. നാലു കറുത്തവര്‍ഗക്കാര്‍ ആദ്യ ഇലവനില്‍ ഉണ്ടാകണമെന്ന നയമാണ് ഇതിനു പിന്നില്‍.
ശാരീരികക്ഷമത പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലാത്ത ഫിലാന്‍ഡറെ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായെന്നും ‘ദി ഡ്രീം’ എന്ന തലക്കെട്ടുള്ള അധ്യായത്തില്‍ പറയുന്നു.
ആരാണ് നിര്‍ദേശം നല്‍കിയതെന്നു താരം വ്യക്തമാക്കുന്നില്ല. അതേസമയം, ക്വാര്‍ട്ടറില്‍ കളിച്ച മൂന്നു കറുത്തവരുള്ള ടീമിനെ (ഹാഷിം അംല, ജെ.പി. ഡുമിനി, ഇമ്രാന്‍ താഹിര്‍) നിലനിര്‍ത്തിയാല്‍ കുഴപ്പമെന്തെന്നും ചോദിക്കുന്നു.
















