മെന്‍ഡോസ: പിണക്കവും പരിഭവവും മറന്ന് ലയണല്‍ മെസി തിരിച്ചെത്തി. അര്‍ജന്റീനയുടെ ജയത്തിനു കാരണക്കാരനുമായി. മറുവശത്ത് ഒളിമ്പിക്‌സില്‍ തുടങ്ങിയ വിജയവഴി നെയ്‌മറുടെ ചിറകിലേറി ബ്രസീലും തുടര്‍ന്നു.
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്കും ബ്രസീലിനും ജയം. പത്തുപേരുമായി കളി പൂര്‍ത്തിയാക്കേണ്ടിവന്നുവെങ്കിലും ഉറുഗ്വെയെ മടക്കമില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വീഴ്‌ത്തി. ബ്രസീലാകട്ടെ എതിരില്ലാത്ത മൂന്നു ഗോളിന് ഇക്വഡോറിനെ മുക്കി. അതേസമയം, കോപ്പ അമേരിക്ക ചാമ്പ്യന്‍ ചിലിക്ക് തോല്‍വി. പരാഗ്വെയോട് 2-1നു കീഴടങ്ങി ചിലി.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടു തോറ്റതിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ച മെസി, പുതിയ പരിശീകന്‍ എഡ്ഗാര്‍ഡോ ബൗസയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് തിരികെയെത്തിയത്. 43ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്ന് മൂന്നു പ്രതിരോധനിരക്കാരെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ ഭദ്രം. പ്രതിഭയുടെ കരസ്പര്‍ശമുണ്ടായിരുന്നു ഗോളില്‍. ഇതിനു പിന്നാലെ പൗലൊ ബ്രൂണോ ഡിബാല രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ രണ്ടാം പകുതി പത്തു പേരുമായാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. ജയത്തോടെ ഏഴു കളിയില്‍ 14 പോയിന്റുമായി ഒന്നാമതെത്തി അര്‍ജന്റീന. ഉറുഗ്വെയെ (13 പോയിന്റ്) മറികടന്നു.
ഒളിമ്പിക്‌സ് സ്വര്‍ണത്തിളക്കത്തിന്റെ ആവേശം ആവര്‍ത്തിച്ച ബ്രസീല്‍, ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 72ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നെയ്‌മറും, 87, 90 മിനിറ്റുകളില്‍ ഗബ്രിയേല്‍ ജീസസും സ്‌കോറര്‍മാര്‍. ഗബ്രിയേലിനെ വീഴ്‌ത്തിയതിനാണ് പെനല്‍റ്റി ലഭിച്ചത്. മൂന്നാം ഗോളിന് വഴിയൊരുക്കിയതും നെയ്‌മര്‍. ഏഴു കളികളില്‍ 12 പോയിന്റുമായി അഞ്ചാമതാണ് ബ്രസീല്‍. 13 പോയിന്റുള്ള ഇക്വഡോര്‍ നാലാമത്.
ആദ്യ പത്തു മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിലായ ചിലി, അര്‍ടുറൊ വിദാലിലൂടെ മടങ്ങിവരവിനു ശ്രമിച്ചെങ്കിലും പരാഗ്വെ വഴങ്ങിയില്ല. ആറാം മിനിറ്റില്‍ ഓസ്‌കാര്‍ റൊമേറൊ, മൂന്നു മിനിറ്റിനു ശേഷം പൗലോ സെസാര്‍ ഡിസില്‍വ എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. 36ാം മിനിറ്റില്‍ വിദാല്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍, സ്വന്തം കാണികളുടെ പിന്തുണയോടെ പ്രതിരോധിച്ച പരാഗ്വെ, ജയം സ്വന്തംമാക്കി. 12 പോയിന്റുമായി പരാഗ്വെ ആറാമത്, 10 പോയിന്റുള്ള ചിലി ഏഴാമത്.
ഗ്രൂപ്പില്‍ മൂന്നാമതുള്ള കൊളംബിയ എതിരില്ലാത്ത രണ്ടു ഗോളിന് വെനസ്വെലയെ കീഴടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ജയിംസ് റോഡ്രിഗസ്, 81ാം മിനിറ്റില്‍ മാന്‍സെല്ലി ടോറസ് എന്നിവര്‍ ലക്ഷ്യം കണ്ടു. 13 പോയിന്റുണ്ട് കൊളംബിയയ്‌ക്കും. ഗോള്‍ശരാശരിയിലാണ് മൂന്നാമത്. മറ്റൊരു മത്സ രത്തില്‍ ബൊളീവിയ എതിരില്ലാത്ത രണ്ടു ഗോളിന് പെറുവിനെ തോല്‍പ്പിച്ചു.
















