കണ്ണൂര്‍: ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ ജനദ്രോഹ ഹര്‍ത്താലായി മാറി. തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടും അതെല്ലാം തള്ളിക്കൊണ്ടാണ് ജനദ്രോഹ ഹര്‍ത്താലിന് ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഇടത് സംഘടനകളുടെ ആഹ്വാന പ്രകാരം നടന്ന പണിമുടക്ക് മറ്റ് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞപ്പോള്‍ കേരളത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പല സ്ഥലങ്ങളിലും സമരാനുകൂലകള്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തു. അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങിയവരെപ്പോലും സമരാനുകൂലികള്‍ വെറുതെവിട്ടില്ല.
തലശ്ശേരി നഗരത്തില്‍ റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥനെ സമരാനുകൂലികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അസിസ്റ്റന്റ് റെയില്‍വെ എഞ്ചിനിയര്‍ പൂനെ സ്വദേശി സാഗര്‍ ചൗദരിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ തലശ്ശേരി ട്രാഫിക് സര്‍ക്കിളിന് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നത്. പഴയങ്ങാടി-കോഴിക്കോട് റെയില്‍വെ ലൈനില്‍ പരിശോധന നടത്തി സ്വകാര്യ വാഹനത്തില്‍ മടങ്ങുമ്പോഴായിരുന്നു അന്‍പതോളം വരുന്ന സംഘം അക്രമിച്ചത്. താന്‍ റെയില്‍വെയില്‍ ഐആര്‍ഇഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും റെയില്‍ പാളം പരിശോധനക്ക് പോകേണ്ടതിനാലാണ് പുറത്തിറങ്ങിയതെന്നും വിശദീകരിച്ചപ്പോള്‍ നീ മോദിയുടെ ആളല്ലേയെന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകളോളം തടഞ്ഞ് വെച്ചതിന് ശേഷമാണ് അദ്ദേഹത്തെ പോകാനനുവദിച്ചത്.
കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെപോലും സമരാനുകൂലികള്‍ തടഞ്ഞിട്ടു. സിഐടിയു നേതാവ് കെ.പി.സഹദേവന്റെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ വാഹനം തടഞ്ഞ് നിര്‍ത്തിയത്. ചില വാഹനങ്ങള്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് തടഞ്ഞിട്ടു. വെയിലത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട യാത്രക്കാരോട് വേണമെങ്കില്‍ എസി ഓണ്‍ ചെയ്താല്‍ മതിയെന്നയിരുന്നു സമരക്കാരുടെ പ്രതികരണം. എയര്‍ പോര്‍ട്ടില്‍ പോകേണ്ട വാഹനങ്ങള്‍ പോലും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. സമരാനുകൂലികള്‍ റോഡില്‍ അഴിഞ്ഞാടുമ്പോഴും പോലീസ് നോക്കുകുത്തിയായി മാറിനില്‍ക്കുകയായിരുന്നു. വാഹനങ്ങള്‍ തടയുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ മാറിനിന്ന് വീക്ഷിച്ച പോലീസ് നിലപാട് പ്രതിഷേധാര്‍ഹമായിരുന്നു.
















