നീതി എപ്പോഴും മനുഷ്യ നാഗരികതയുടെ സുപ്രധാനവും അവിഭാജ്യവുമായ ഒരു സ്തംഭമാണ്. കാലാനുസൃതമായ പ്രത്യയശാസ്ത്ര മാറ്റങ്ങളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും നിയമശാസ്ത്രം വികസിച്ചപ്പോഴും, ജനങ്ങള്‍ക്ക് നീതിയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ജുഡീഷ്യറി പ്രതിജ്ഞാബദ്ധമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കൊളോണിയല്‍ നിയമങ്ങളും വിദ്യാഭ്യാസ നയങ്ങളും പൗരസ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ആ കൊളോണിയല്‍ മാനസികാവസ്ഥയ്‌ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഭരണഘടനയുടെ ആമുഖത്തിലെ സമത്വ-സ്വാതന്ത്ര്യ-സാഹോദര്യ ആദര്‍ശങ്ങളെ മുന്‍നിര്‍ത്തി പൗരന്മാരുടെ ജീവിതം സുഗമമാക്കുക എന്നതാണ് സമകാലിക ഭാരതീയ നിയമശാസ്ത്രത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ 12 വര്‍ഷത്തെ യാത്രയില്‍ നമ്മുടെ ഭരണരംഗത്ത് വ്യക്തമായ പരിവര്‍ത്തനമുണ്ടായി. ഇതില്‍ 2014-ഒരു സുപ്രധാന നാഴികക്കല്ലാണ്. ‘രാഷ്‌ട്രം പ്രഥമം’ എന്ന സമീപനത്തിലൂടെയും പരിഷ്‌കരണങ്ങളിലൂടെയും ജനസംഖ്യാപരമായ നേട്ടങ്ങളെ വികസനമാക്കി മാറ്റാനും, താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതം സുഗമമാക്കാനും ഈ കാലയളവില്‍ സാധിച്ചു. ഭാരതത്തിന്റെ നീതിന്യായ പരിഷ്‌കരണങ്ങളുടെ യാത്രയും വലിയ തോതിലുള്ള വ്യാപ്തിയുടെയും ആഴത്തിലുള്ള സാമൂഹിക-സാംസ്‌കാരിക പ്രതിബദ്ധതയുടെയും കഥയാണ്. നിയമനിര്‍മ്മാണ പരിഷ്‌കാരം, ഡിജിറ്റല്‍ നവീകരണം എന്നിവ വഴി നീതിന്യായ വ്യവസ്ഥയില്‍ സമഗ്രമായ മാറ്റങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത് കക്ഷികള്‍ക്ക് ‘ഇടപെടലുകളിലെ ലാളിത്യവും’, അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ‘ജോലി ചെയ്യുന്നതിലെ ലാളിത്യവും’, പൗരന്മാര്‍ക്ക് ‘മനസ്സിലാക്കുന്നതിലെ ലാളിത്യവും’ ഉള്‍ക്കൊള്ളുന്ന ഒരു പരിഷ്‌കരണ മന്ത്രമാണ്.
കക്ഷികളുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, DISHA പദ്ധതിക്ക് കീഴിലുള്ള ടെലി-ലോ, ന്യായ്ബന്ധു, പ്രോ ബോണോ സേവനങ്ങള്‍ നീതിവിതരണം എളുപ്പത്തില്‍ പ്രാപ്യവും ചെലവ് കുറഞ്ഞതുമാക്കി മാറ്റി. ഗ്രാമീണ മേഖലയിലെ 1.12 കോടിയിലധികം പേര്‍ക്ക് ടെലി-ലോ വഴി സൗജന്യ നിയമോപദേശം ലഭിച്ചു. ഇതിനൊപ്പം ഇ-ഫയലിംഗ്, ഇ-സേവാ കേന്ദ്രങ്ങള്‍ എന്നിവ സാധാരണക്കാരുടെ കോടതി ഇടപഴകലുകള്‍ ലളിതമാക്കി. അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഡിജിറ്റല്‍-ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നല്‍കിയ വന്‍ പിന്തുണയിലൂടെ ജോലി ചെയ്യുന്നതിലെ ലാളിത്യവും ഗണ്യമായി വര്‍ദ്ധിച്ചു. ബഹുഭൂരിപക്ഷം പൗരന്മാരുടെയും ആദ്യത്തെ ആശ്രയകേന്ദ്രമായ കീഴ്‌ക്കോടതികളെ ശക്തിപ്പെടുത്താന്‍ 2014 മുതല്‍ 9,400.40 കോടി രൂപ അനുവദിച്ചതിന്റെ ഫലമായി കോടതി ഹാളുകളുടെ എണ്ണം 15,818-ല്‍ നിന്ന് 22,712 ആയി ഉയര്‍ന്നു. കൂടാതെ, 7,200 കോടി രൂപ ബജറ്റ് വിഹിതത്തോടെയുള്ള ഇ-കോടതി മൂന്നാം ഘട്ട പദ്ധതി, കോടതികളെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍രഹിതവും എഐ അധിഷ്ഠിതവുമാക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്, വെര്‍ച്വല്‍ കോടതികള്‍, തത്സമയ സംപ്രേക്ഷണം എന്നിവ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കിയിട്ടുണ്ട്.
ഭാരതത്തെപ്പോലെ ഭാഷാപരമായ വൈവിധ്യമുള്ള രാജ്യത്ത് പൗരന്മാര്‍ക്ക് നിയമകാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ലാളിത്യവും പ്രധാനമാണ്. ഇതിനായി സുപ്രീം കോര്‍ട്ട് വിധിക് അനുവാദ് സോഫ്റ്റ്വെയര്‍ (SUVAS), ഭാഷിണി എന്നീ എഐ സോഫ്റ്റ്വെയറുകള്‍ വഴി സുപ്രീം കോടതി വിധികള്‍ 18 ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് വഴി 34 കോടിയിലധികം കോടതി ഉത്തരവുകളുടെ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ വിശകലനം ചെയ്യാനും സാധിക്കും. കൊളോണിയല്‍ ശിക്ഷാനിയമങ്ങള്‍ക്ക് പകരം സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കിയതാണ് മറ്റൊരു പ്രധാന ചുവടുവെയ്‌പ്പ്. ഇ-കോടതി, ഇ-വിചാരണ, ഇ-പ്രിസണ്‍സ്, ഇ-ഫോറന്‍സിക്സ് എന്നിവ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്കുമായി സംയോജിപ്പിച്ചു. ‘ന്യായ് ശ്രുതി’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ജാമ്യ ഉത്തരവുകള്‍ ഉടനടി ജയില്‍ പോര്‍ട്ടലില്‍ എത്തുന്നതിനാല്‍ ഭരണപരമായ കാലതാമസങ്ങള്‍ ഇല്ലാതായി.
ഉന്നത നീതിന്യായ വ്യവസ്ഥയില്‍ ജഡ്ജിമാരുടെ തസ്തികകളും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ തസ്തികകള്‍ 906-ല്‍ നിന്ന് 1122 ആയും, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 2026-ലെ ഭേദഗതി ഓര്‍ഡിനന്‍സ് വഴി 38 ആയും ഉയര്‍ത്തി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ വിവിധ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1175 ഹൈക്കോടതി ജഡ്ജിമാരെയും 77 സുപ്രീം കോടതി ജഡ്ജിമാരെയും വേഗത്തില്‍ നിയമിക്കാന്‍ സാധിച്ചു.
ആവശ്യമില്ലാത്ത നിയമങ്ങളുടെ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ 40,000-ത്തിലധികം അനുവര്‍ത്തന ചട്ടങ്ങള്‍ കുറയ്‌ക്കുകയും കാലഹരണപ്പെട്ട 1725 കൊളോണിയല്‍ നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്തത് ബിസിനസ്സ് എളുപ്പമാക്കാന്‍ സഹായിച്ചു. അതോടൊപ്പം, മീഡിയേഷന്‍ ആക്ട് 2023, ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്നിവ വഴി ബദല്‍ തര്‍ക്കപരിഹാര മേഖലയില്‍ ഭാരതം ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ന്നു. 2026-ലെ ബ്രിക്‌സ് നീതിന്യായ മന്ത്രിമാരുടെ യോഗത്തില്‍ മധ്യസ്ഥതയും തര്‍ക്കപരിഹാരവും ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയായി ‘ഗാന്ധിനഗര്‍ പ്രഖ്യാപനം’ അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭാരതത്തിന്റെ നയതന്ത്ര നേതൃത്വത്തിന് സാധിച്ചു. ഇത് കോടതികളുടെ ഭാരം കുറയ്‌ക്കാനും വ്യാപാര-നിക്ഷേപങ്ങള്‍ക്കായി സുസ്ഥിര അന്തരീക്ഷം വളര്‍ത്താനും സഹായിക്കും.
ഈ സംരംഭങ്ങളെല്ലാം നീതി തേടുന്ന ഓരോ വ്യക്തിക്കും അനുകൂലമായി പ്രതികരിക്കുന്ന ഒരു ഭരണവ്യവസ്ഥ ഉറപ്പാക്കുക എന്ന ദീര്‍ഘവീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 2047-ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് ഭാരതം മുന്നേറുമ്പോള്‍, 140 കോടി ഭാരതീയരുടെ കൂട്ടായ ആഗ്രഹങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഭാവിയിലേക്ക് സജ്ജവുമായ ഒരു നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
















