ബസ് സര്‍വീസ് കുറഞ്ഞു;
വിദ്യാര്‍ത്ഥികള്‍ വലയുന്നു
എടത്വ: അമ്പലപ്പുഴ-പൊടിയാടി റൂട്ടില്‍ ബസ് സര്‍വീസ് കുറയുന്നതുമൂലം ബസു കാത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ വലയുന്നു. രാവിലെ 8.30നും, 10.30നും ഇടയിലും, വൈകുന്നേരം 3.30 മുതല്‍ 6.45 വരെയുമാണ് ബസ് സര്‍വീസ് കുറയുന്നത്.
സ്‌കൂള്‍ സമയം കഴിഞ്ഞ് വീടുകളിലെത്താനായി കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതുമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഒട്ടുമിക്ക സ്‌കൂളുകളിലും പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പതിനഞ്ച് കിലോമീറ്ററിലേറെ യാത്രചെയ്തുവേണം വീടുകളിലെത്താന്‍.
പലപ്പോഴും ബസ് വൈകുന്നതു കാരണം പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കൂട്ടിക്കൊണ്ടുപോകുകയോ, ഓട്ടോയില്‍ കയറിവരാനോ നിര്‍ദേശിക്കുകയാണ് പതിവ്. പൊടിയാടി-അമ്പലപ്പുഴ റൂട്ടില്‍ പ്രധാന ജങ്ഷന്‍ ഒഴികെയുള്ള സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്നതും പരിമിതമാണ്. സര്‍വീസ് കുറയുന്നതും, ജങ്ഷനില്‍ ബസ് നിര്‍ത്താത്തതും കാരണം ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രാത്രി എട്ടുമണിയോടെയാണ് വീടുകളില്‍ എത്തുന്നത്.
തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പച്ച ലൂര്‍ദ്മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടത്വ സെന്റ്അലോഷ്യസ്, സെന്റ്‌മേരീസ് സ്‌കൂള്‍ എന്നിവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അധികവും അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളില്‍ നിന്നാണെത്തുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്താന്‍ വളരെയേറെ വൈകുമെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
















