പാലക്കാട്: സ്കൂള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് നടന് ശ്രീജിത് രവിയെ കോടതിയില്‍ ഹാജരാക്കി. ശ്രീജിത് രവിയെ പരാതിക്കാരായ കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
പല്ലശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ശ്രീജിത്തിനെ വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് താരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം പോക്സോ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിനിമാ ചിത്രീകരണ സ്ഥലത്തായിരുന്ന ശ്രീജിത് രവിയുടെ കാര്‍ മറ്റാരോ എടുത്തുകൊണ്ട് പോവുകയായിരുന്നു. ഇവരാണ് പെണ്‍കുട്ടികളെ ശല്യം ചെയ്തതെന്നുമാണ് നടന്റെ വാദം. പെണ്‍കുട്ടികള്‍ കൊടുത്തിരിക്കുന്ന പരാതിയില്‍ ഏതോ ഒരാള്‍ എന്നാണ് പറയുന്നതെന്നും തന്റെ പേര് പറയുന്നില്ലെന്നും നടന് പറയുന്നു. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ച പോലീസ് സംഭവം നടന്നുവെന്ന സമയം സ്ഥലത്തുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒമ്പതിലും പത്തിലും പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പോലീസ് തിരിച്ചറിയല്‍ പരേഡ് ഒഴിവാക്കി പകരം ഫോട്ടോ കാണിക്കുകയായിരുന്നു. ഫോട്ടോയിലുള്ള ആളെ കുട്ടികളും സാക്ഷികളും തിരിച്ചറിഞ്ഞു. കഴിഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
സംഭവത്തിന് ശേഷം കാറുമായി സ്ഥലത്തു നിന്നും ശ്രീജിത്ത് കടന്നിരുന്നു. കുട്ടികള്‍ പ്രിന്‍സിപ്പലിനും പിന്നീട് പോലീസിനും പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പോലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: