ന്യൂദല്‍ഹി: റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്ക് കേരളവും റെയില്‍വെയും ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചു.
ന്യൂദല്‍ഹി റെയില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും റെയില്‍വെ ബോര്‍ഡ് വര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.സി. ജെയ്‌നുമാണ് കരാര്‍ ഒപ്പുവെച്ചത്. സംരംഭത്തില്‍ 49 ശതമാനം മൂലധനം റയില്‍വേയും 51 ശതമാനം മൂലധനം കേരളവുമാണ് മുതല്‍ മുടക്കുക.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ സര്‍വ്വീസ്, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, ഗുരുവായൂര്‍-തിരുന്നാവായ, കൊച്ചി-മധുര, തലശ്ശേരി-മൈസൂര്‍ റെയില്‍ പാതകള്‍, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള റെയില്‍ കണ്ടെയ്‌നര്‍ ട്രാക്ക്, പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം എന്നിവയാണ് പദ്ധതിയില്‍ പരിഗണിക്കപ്പെടുന്നത്.
റെയില്‍ വികസനത്തില്‍ കേരളം ഏറെക്കാലം അവഗണിക്കപ്പെട്ടുവെന്ന് സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ഇതിന് മാറ്റം വരുത്തി.
കഴിഞ്ഞ രണ്ട് വര്‍ഷമായി പരമാവധി തുക കേരളത്തിന് അനുവദിച്ചു. രണ്ട് റെയില്‍ ബജറ്റുകളിലായി 821 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2009-10 മുതല്‍ 2013-14 വരെ യുപിഎ സര്‍ക്കാര്‍ 371.9 കോടി മാത്രമാണ് കേരളത്തിന് നല്‍കിയത്. 121 ശതമാനം വര്‍ദ്ധനവാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര റെയില്‍മന്ത്രി സംബന്ധിച്ച പരിപാടിയില്‍ എന്നാല്‍ സംസ്ഥാനത്ത് റെയില്‍ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയില്ല.
















