ലഖ്‌നൗ: കഴിഞ്ഞ കൊല്ലം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ദുരഭിമാനക്കൊലകളില്‍ 68 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്ന്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേതാണ് ഈ വെളിപ്പെടുത്തല്‍.
2014ല്‍ ഒരെണ്ണം മാത്രമായിരുന്ന ഇത്തരം കൊലപാതകം കഴിഞ്ഞ കൊല്ലം 131 ലെത്തി.
ഏഴ് മടങ്ങ് വര്‍ദ്ധനയാണ് ദുരഭിമാനക്കൊലയില്‍ ഉണ്ടായിട്ടുളളത്. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും ഉത്തര്‍പ്രദേശില്‍ വന്‍ വര്‍ദ്ധനയാണ്.
2014ല്‍ രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുണ്ടായ സ്ഥാനത്ത് കഴിഞ്ഞ കൊല്ലമിത് 28ആയി ഉയര്‍ന്നു. ഝാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.
രാജ്യത്തെമ്പാടുമായി കഴിഞ്ഞ കൊല്ലം 96 രാഷ്‌ട്രീയ കൊലപാതകങ്ങളുണ്ടായി. തൊട്ടുമുമ്പത്തെ കൊല്ലം ഇത് 64 ആയിരുന്നു.
ദുരഭിമാനക്കൊലകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാകാം എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ദുരഭിമാനക്കൊലകള്‍ ഒരു സാമൂഹ്യ കുറ്റകൃത്യമാണെന്നാണ് ഉത്തര്‍പ്രദേശ് ഡിജിപി ജാവേജ് അഹമ്മദ് പ്രതികരിച്ചത്. സങ്കീര്‍ണമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമല്ലെന്ന അവബോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
















