പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ആശങ്കയുയര്ത്തുന്നതിനിടെയിലും ഓണവിപണികള്‍ സജീവമാകുന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് വിപണിയില്‍ പച്ചക്കറികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അല്പം വിലക്കുറവുള്ളത്. എന്നാല്‍ ഓണം അടുക്കുന്നതോടെ ഇതിന്റെം വിലയും കുതിച്ചുയരാനാണ് സാധ്യത. ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വഴി ജൈവ പച്ചക്കറി വിലകുറച്ച് എത്തിക്കുമെന്ന കൃഷിമന്ത്രിയുടെ ഉറപ്പും പ്രസ്താവനയില്‍ മാത്രം ഒതുങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിലകുറച്ച് പച്ചക്കറികള്‍ ശേഖരിക്കുന്ന ഇടനിലക്കാര്‍ ഓണക്കാലമാകുന്നതോടെ കുത്തനെ വിലവര്‍ദ്ധിപ്പിച്ച് മലയാളികളെ കൊള്ളയടിക്കുന്നത് പതിവാണ്. മുന്‍വര്‍ഷങ്ങളില്‍ വിലക്കയറ്റത്തിന് ആശ്വാസമായി കുടുംബശ്രീ യൂണിറ്റുകളും മറ്റ് സംഘടനകളും നാടന്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ നാടന്‍ ഏത്തക്കുലയ്ക്കും ഉപ്പേരിക്കും വിലഏറിയിട്ടുണ്ട്. ഒരുകിലോ ഉപ്പേരിക്ക് 360 രൂപയും പച്ച ഏത്തയ്ക്കായ്ക്ക് 80 രൂപയുമാണ് ഇപ്പോഴത്തെ വില. കണ്‍സ്യൂമര്‍ഫെഡ് വഴി ഓണത്തിന് അവശ്യസാധനങ്ങള്‍ വിലകുറച്ച് സാധാരണക്കാരില്‍ എത്തിക്കുമെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന നന്മസ്റ്റോറുകളും അടച്ചുപൂട്ടുകയാണ് ചെയ്തത്. മാവേലി സ്റ്റോറുകളിലും പയറുവര്ഗ്ഗങ്ങളടക്കമുള്ള സബ്സിഡിയുള്ള സാധനങ്ങള്‍ ലഭിക്കാനുമില്ല. നഗരങ്ങളില്‍ വഴിയോര വസ്ത്ര വിപണികള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സജീവമായിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ കച്ചവടക്കാരാണ് ഇവരിലേറേയും. തൊഴില്‍ മേഖലയ്ക്ക് പുറമേ ഓണവിപണിയിലും അന്യസംസ്ഥാനക്കാര്‍ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കുന്നു. ഗുണമേന്മ അത്രകാര്യമാക്കാതെ വിലക്കുറവിനെ ആശ്രയിക്കുന്ന ആളുകളാണ് വഴിയോര വസ്ത്ര വിപണികളിലെ സാന്നിദ്ധ്യം. ആഘോഷ വേളകളില്‍ മാത്രം താല്‍ക്കാലിക വിപണന കേന്ദ്രങ്ങളുമായെത്തുന്ന ഇവര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതായ പരാതികളും പലയിടത്തും ഉയരുന്നുണ്ട്. കടകളുടെ വാടക, വൈദ്യുതി ചാര്‍ജ്ജ്, മറ്റ് നികുതികള്‍, തൊഴിലാളികളുടെ വേതനം , പരസ്യ ചിലവുകള്‍ തുടങ്ങിയവ ഇല്ലാത്തതിനാല്‍ വഴിയോരക്കച്ചവടക്കാര്‍ വല്‍ ലാഭമാണ് ഉണ്ടാക്കുന്നതെന്നും ഇത് മറ്റ് കച്ചവടക്കാര്‍ക്കും തിരിച്ചടിയാണെന്നും വ്യാപാരി വ്യവസായികള്‍ പറയുന്നു. വന്‍ നഗരങ്ങളുടെ മാതൃകയില്‍ ഓണസദ്യയും പുറത്തുനിന്നും വാങ്ങുന്ന ശീലം നാട്ടിന് പുറങ്ങളിലും ആയിക്കഴിഞ്ഞു. റെഡിമെയ്ഡ് ഓണസദ്യകള്‍ക്കുള്ള ബുക്കിങ് നഗരത്തിലെ പല ഹോട്ടലുകളിലും ആരംഭിച്ചു കഴിഞ്ഞു. ഓണക്കാലത്ത് സജീവമാകുന്ന മറ്റൊരു മേഖല പൂക്കളുടെ വിപണിയാണ്. കഴിഞ്ഞമാസത്തേതിനേക്കാള്‍ ഇരട്ടിയോളം വിലയാണ് പൂക്കള്‍ക്ക് ഇപ്പോള്‍തന്നെ. സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും അടുത്ത ആഴ്ചയാണ് ഓണാഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആഘോഷത്തിന് ഒഴിച്ചുകൂടാനാവാത്ത പൂക്കളം തീര്‍ക്കുന്നതിന് ടണ്‍കണക്കിന് പൂക്കളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നത്.
ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണുകളുടേയും വലിയ ശേഖരം തന്നെ ഓണക്കാല വിപണി ലക്ഷ്യമാക്കി വ്യാപാരികള്‍ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ വിവിധ ആനുകൂല്യങ്ങളുമായി ഗൃഹോപകരണ വിപണിയിലും തിരക്കേറിയിട്ടുണ്ട്. ഗൃഹോപകരണ വിതരണക്കമ്പനികള്‍ ഹാപ്പി ഹവേഴ്സ് സെയില്‍, സൗജന്യ സമ്മാനകൂപ്പണുകള്‍, ഒന്നുവാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം തുടങ്ങിയ പതിവ് രീതികള്‍തന്നെയാണ് വിപണി പിടിച്ചടക്കാന്‍ മിക്ക കമ്പനികളും പയറ്റുന്ന തന്ത്രം. ടില വ്യാപാരികള്‍ ഓണത്തിന് ഒരുമാസം മുമ്പുമുതല്‍തന്നെ ആനൂകൂല്യങ്ങള്‍ നല്‍കിത്തുടങ്ങി. ഇത്തരത്തില്‍ വന്‍ വിറ്റുവരവാണ് കമ്പനികളും വ്യാപാരികളും പ്രതീക്ഷിക്കുന്നത്. ഓണം ആഘോഷിക്കുന്നതിന് നാട്ടിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മലയാളികളെ സംസ്ഥാനാനന്തര സര്‍വ്വീസ് നടത്തുന്ന ബസ് കമ്പനികള്‍ ചൂഷണം ചെയ്യുന്നു. സാധാരണനിരക്കിന്റെ ഇരട്ടിയിലും അധികമാണ് ഓണ നാളുകളില്‍ ഇവര്‍ ഈടാക്കുന്നത്. എന്നാല്‍ ഇതൊന്നും മലയാളിയുടെ ഓണാഘോഷത്തിന്റെ മാറ്റുകുറയ്ക്കാറുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: