ഹൈദരാബാദ്: ജയിലഴിക്കുള്ളിൽ ഒരു നിമിഷമെങ്കിലും കിടക്കണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്കായി ഒരു സുവർണാവസരം. തെലങ്കാനയിലെ മേദക് ജില്ലയിലെ സെൻട്രൽ ജയിൽ അധികൃതർ ഇതിനായി ചില പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നു.
220 വര്‍ഷം പഴക്കുമുള്ള ബ്രിട്ടീഷ് കാലത്തെ ഈ ജയില്‍ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയമാണ്. ഇവിടെയാണ് പുതിയ പദ്ധതിയുമായി ജയില്‍ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. കുറ്റവാളികളെ പോലെ ഒരു ദിവസം അഴിക്കുള്ളില്‍ കഴിയാന്‍ 500 രൂപയാണ് ഫീസ്. ‘ഫീല്‍ ദി ജയില്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 24 മണിക്കൂര്‍ ജയിലനുഭവം അറിയാം.
സംസ്ഥാനത്തെ ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയും ലഭിക്കുക. ഒരു കുറ്റവാളിക്ക് ജയിലില്‍ ഏത് അനുഭവമാണോ ഉണ്ടാവുക, അതുതന്നെയായിരിക്കും സന്ദര്‍ശര്‍ക്കും ലഭിക്കുകയെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ ധരിക്കാന്‍ ഖാദിയുടെ പ്രത്യേക യൂണിഫോം ആണ് നല്‍കുക. സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, മഗ്ഗ്, വാഷിങ് സോപ്പ്, കുളി സോപ്പ്, കിടക്കാനുള്ള സൗകര്യം എന്നിവ സെല്ലിനുള്ളില്‍ ലഭിക്കും. ജയിലില്‍ തന്നെ തയ്യാര്‍ ചെയ്യുന്ന ചായ ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് ലഭ്യമാകുക. ചപ്പാത്തി, ചോറ്, രസം, പരിപ്പ് കറി തുടങ്ങിയവയാണ് പ്രധാന ജയിൽ വിഭവങ്ങൾ.
കുറ്റവാളികളെപ്പോലെ ജയിലില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സന്ദര്‍ശകരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലുള്ള പരിപാടിയില്‍ പങ്കെടുക്കാം. 1796ല്‍ നിസാമിന്റെ ഭരണകാലത്ത് മൂന്ന് ഏക്കറില്‍ പണിത ജയില്‍ ആണിത്. സമീപത്ത് പുതിയ മറ്റൊരു ജയില്‍ പണിതശേഷം പഴയ ജയില്‍ മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
















