ന്യൂദല്‍ഹി: കേരളത്തിലെ തെരുവ് നായ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. നായ്‌ക്കളോടുള്ള ക്രൂരത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്ന് പി.സി. തോമസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി രേഖപ്പെടുത്തി.
ക്ഷീരകര്‍ഷകരെയും തൊഴിലാളികളെയും കേന്ദ്രതൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് പി.സി തോമസ് അഭ്യര്‍ത്ഥിച്ചു. റബര്‍ പ്രതിസന്ധിയെപ്പറ്റിയും ചര്‍ച്ച നടത്തി. റബര്‍, നാണ്യ വിള കൃഷിക്കാരെ സഹായിക്കുന്നതിന് വാണിജ്യമന്ത്രാലയം സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
വിഷരഹിത പച്ചക്കറി കൃഷിക്കും ക്ഷീര-കോഴി-മത്സ്യ മേഖലകള്‍ക്കും വലിയ പ്രോത്സാഹനം നല്‍കുന്നതിന് ഒക്ടോബര്‍ 7-16 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന ഹരിതോത്സവത്തിന് എല്ലാ സഹകരണവും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും പി.സി. തോമസ് പറഞ്ഞു.
















