ബാഗ്ദാദ്: ചുറ്റും വെടിയൊച്ചകളും തീയുംപുകയും. അവയ്‌ക്കിടയില്‍ മലകള്‍ക്കിടയിലെ വിടവിലിരുന്ന് ആ ചെറുപ്പക്കാരന്‍ അതു കണ്ടു, കൈകള്‍ പിന്നില്‍ കെട്ടിയ ഒരു പറ്റം ചെറുപ്പക്കാരെ ഭീകരര്‍ കൊണ്ടുവരുന്നു, നിരത്തി നിര്‍ത്തി വെടിവയ്‌ക്കുന്നു. അരികിലിട്ടിരുന്ന ബുള്‍ ഡോസര്‍ കൊണ്ട് ആ മൃതദേഹങ്ങളെല്ലാം വലിയ കുഴികളിലേക്ക് വലിച്ചിടുന്നു. തുടര്‍ച്ചയായി ആറു ദിവസവും ഗുര്‍മിസ് ഗ്രാമത്തിലെ അര്‍ക്കാന്‍ ഖ്വാസിം ഈ കാഴ്ച കണ്ടു.
ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ നരമേധത്തിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിന്‍ജാര്‍ മലനിരകളില്‍ ഇത്തരം അനവധി കൂട്ടക്കുഴിമാടങ്ങളാണ് ഉള്ളത്. യസീദികളെയും ക്രിസ്ത്യാനികളെയും ഇസ്ലാമിലെ തന്നെ മറ്റു വിഭാഗങ്ങളെയും ഐഎസ് കൊന്ന് കുഴിച്ചുമൂടിയവ. അസോസിയേറ്റഡ് പ്രസ് ഇത്തരം 72 കുഴികളാണ് കണ്ടെത്തിയത്.
ഇനിയും ഇത്തരം അനവധിയെണ്ണം കണ്ടെത്താനുമുണ്ട്. 72 കുഴികളിലായി 15000 പേരെയെങ്കിലും അടക്കിയിട്ടുണ്ടെന്നാണ് നിഗമനം. ഇറാഖ്, സിറിയ എന്നിവിടങ്ങളിലായാണ് ഇത്തരം കുഴികള്‍. സിറിയയിലെ 17 കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഒരു വംശത്തിലെ നൂറുകണക്കിന് ആള്‍ക്കാരെ ഒന്നിച്ചു മൂടിയ ഒരു കുഴിയുമുണ്ട്. ഇറാഖില്‍ കണ്ടെത്തിയ 16 കുഴികളില്‍ എത്രപേരെ കുഴിച്ചിട്ടിട്ടുണ്ടെന്നുപോലും വ്യക്തമല്ല.
സിന്‍ജാര്‍ മലനിരകളില്‍ അവിടവിടെയെല്ലാം ഇത്തരം കുഴികള്‍ മൂടിയിരിക്കുന്നതു കാണാം. ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ച പ്രദേശങ്ങളിലെ കുഴികള്‍ വൈകാതെ ഇറാഖ് ഭരണകൂടം തുറന്നേക്കാം.
അസോസിയേറ്റഡ് പ്രസ് കണ്ടെത്തിയ 72 എണ്ണത്തില്‍ ഏറ്റവും ചെറുതില്‍ പോലുമുണ്ടായിരുന്നു മൂന്നു മൃതദേഹങ്ങള്‍. വലുതില്‍ ആയിരത്തിലേറെയെണ്ണങ്ങളും. ദൃക്‌സാക്ഷികളുടെ മൊഴിയടക്കം എടുത്താണ് ഇവയിലെ ഏകദേശ കണക്ക് തയ്യാറായിക്കിയത്.
സിന്‍ജാറിലെ വടക്കന്‍ ഭാഗത്ത്, അഞ്ചു കുഴികളുണ്ട്. ഇവയിലാണ് 2014ല്‍ ഹര്‍ദാന്‍ ഗ്രാമത്തിലെ യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയത്. വലിയ രണ്ടു കൂട്ടക്കൊലകള്‍ അര്‍ക്കാന്‍ ഖ്വാസിം തന്റെ ദൂരദര്‍ശനിയിലൂടെ നേരിട്ടു കണ്ടിട്ടുണ്ട്. കുഴിമാടങ്ങള്‍ കണ്ടെത്താന്‍ അസോസിയേറ്റഡ് പ്രസിനെ സഹായിച്ചവരില്‍ ഖ്വാസിമുമുണ്ട്.
ഭീകരര്‍ മേഖല പിടിയില്‍ ഒതുക്കിയപ്പോള്‍ മലനികളിലേക്ക് പലായനം ചെയ്തവരില്‍ ഖ്വാസിമുണ്ടായിരുന്നു. ഒരു രാത്രിയില്‍ മട്ിയെത്തിയപ്പോള്‍ താഴെ ഹര്‍ദാന്‍ ഗ്രാമത്തിലെ കൂട്ടക്കൊലയും കുട്ടികളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടുപോകുന്നതുമാണ് കണ്ടത്.
ആദ്യ ദിവസം രാത്രിയില്‍ താനും തന്റെ ഒന്‍പതു കൂട്ടുകാരും കണ്ടത് ഭീകരര്‍ ചെറുപ്പക്കാരെ നിരത്തി നിര്‍ത്തി വെടിവച്ച് കൊന്ന് കുഴിയില്‍ തള്ളുന്നതാണ്.ഡസന്‍ കണക്കിന് പേരെ ദിവസവും കൊണ്ടുവന്ന് കൊല്ലുന്നതാണ് തുടര്‍ച്ചയായി ആറു ദിവസവും കണ്ടത്. ഭീകരര്‍ ഗുര്‍മിസ് ഗ്രാമം ആക്രമിക്കാന്‍ ഒരുങ്ങയപ്പോഴാണ് ഇവര്‍ മലനികരകളിലേക്ക് മുങ്ങിയത്. ഗ്രാമത്തില്‍ നിന്ന് ഭീകരരെ തുരത്തിയ ശേഷമാണ് മടങ്ങിവന്നത്.
















