ന്യൂദല്‍ഹി: ഭീകരതയില്‍ ഇരട്ടത്താപ്പ് തുടരുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഭാരത-അമേരിക്ക സംയുക്ത പ്രസ്താവന. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിയും തമ്മില്‍ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്.
സ്വന്തം മണ്ണിലെ ഭീകരപ്രവര്‍ത്തനങ്ങളെയും ഭീകരസംഘടനകളെയും പാക്കിസ്ഥാന്‍ ശക്തമായി നേരിടണം. പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂ. ഭീകരതയും സംഭാഷണവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല, സുഷമാ വ്യക്തമാക്കി.
ഭീകരതയുടെ കാര്യത്തിലും നീതിക്കു വേണ്ടിയിട്ടുള്ള ഭാരതത്തിന്റെ നിലപാടുകളെയും പിന്തുണച്ച ജോണ്‍ കെറി, മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്ക് മുന്നിലെത്തിക്കുന്നതില്‍ അമേരിക്ക ഭാരതത്തിനൊപ്പമാണെന്ന് വ്യക്തമാക്കി. ഭീകരവാദവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഏജന്‍സികള്‍ പരസ്പരം കൈമാറുമെന്നും കെറി പറഞ്ഞു.
പാക്കിസ്ഥാനെ പേരെടുത്ത് നടത്തിയ ഭാരത-അമേരിക്ക സംയുക്ത പ്രസ്താവന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കാകെ വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
















