ശിശുപാലന്റെ സ്‌നേഹിതനായിരുന്നു സാല്വൻ രുഗ്മിണീഹരണസമയത്ത് വിദർഭയിലുണ്ടായിരുന്നു. യാദവന്മാരോട് യുദ്ധത്തിൽ തോറ്റു. ഞാൻ യാദവന്മാരെ നിശ്ശേഷം നശിപ്പിക്കുന്നുണ്ട്എന്നദ്ദേഹം രാജസദസ്സിൽ പ്രതിജ്ഞയും എടുത്തിരുന്നു. അതിനായി ഒരുവർഷക്കാലം തീവ്രതപംചെയ്തു. പരമശിവനെയാണ് സാല്വൻ ആരാധിച്ചിരുന്നത്. മഹാദേവൻ പ്രത്യക്ഷമായപ്പോൾ അധികമൊന്നും സാല്വന് വേണ്ടിയിരുന്നില്ല. ഒരാൾക്കും തകർക്കാനാവാത്തതായി നാനാദിക്കിലും സഞ്ചരിക്കുന്ന വാഹനം. ഇത്രയേവേണ്ടിയിരുന്നുള്ളൂ. അത് അദ്ദേഹം സാധിപ്പിച്ചു.
അസുരശില്പി മയനായിരുന്നു. സൗഭഗം എന്ന വിമാനം നിർമ്മിച്ചുനൽകിയത്. പിന്നെ താമസമൊന്നും ഉണ്ടായില്ല. ദ്വാരകയെത്തന്നെവളഞ്ഞു. തോട്ടങ്ങൾ, പൂങ്കാവുകൾ, വീടുകൾ, തട്ടിൻപുറങ്ങൾ, അങ്ങനെ ദ്വാരകയെ വല്ലാത്തവിധത്തിൽ സാല്വൻ ആക്രമിച്ചു. ദ്വാരകയ്‌ക്കുമുകളിലായിവന്ന് ശരങ്ങൾ പേമാരിപോലെ പെയ്യാൻ തുടങ്ങി. കല്ലുകൾ ,ഇടിത്തീയുകൾ, നാഗങ്ങൾ ഇവയെയെല്ലാം പ്രയോഗിക്കുവാൻ തുടങ്ങി.അതിശക്തമായകൊടുങ്കാറ്റിൽ ആ പ്രദേശം മുഴുവൻ പൊടിപടലങ്ങളാൽ നിറഞ്ഞു.ആർക്കും ആരേയുംപരസ്പരം കാണാൻ തന്നെയായില്ല. രാജസൂയത്തിന് രാമനും, കൃഷ്ണനും പോയസമയത്തായിരുന്നു സാല്വന്റെ ആക്രമണം.
പ്രദ്യുമ്‌നൻ, സാംബൻ, അനിരുദ്ധൻ സാത്യകി തുടങ്ങിയവരായിരുന്നു ആസമയത്ത് യാദവസൈന്യത്തെ സാല്വന് നേരേ നയിച്ചത്. ആ മായയെ നശിപ്പിച്ച് പ്രദ്യുമ്‌നൻ സാല്വന്റെ സേനാപതികളെ പിളർന്നു. സാല്വനെ നൂറമ്പുകൊണ്ടും, ഭടന്മാരെ ഓരോ അമ്പിനാലും സാരഥികളെ പതിപ്പത്തമ്പുകൊണ്ടും വാഹനങ്ങളെ മുമ്മൂന്നമ്പുകൊണ്ടും എയ്തു നശിപ്പിക്കുകയായിരുന്നു. മയനിർമ്മിതമായ ആ വാഹനത്തെ മായയാൽ തന്നെ കാണപ്പെട്ടിരുന്നു. ചിലപ്പോൾ പർവതത്തിന്റെ നെറുകയിൽ, ചിലനേരം ഭൂമിയിൽ, അങ്ങനെയിരിക്കെ ആകാശത്തുകാണാം. എവിടെയായാലും ശരങ്ങളെയ്ത് സാല്വസൈന്യത്തെ നാനാപ്രകാരത്തലും അമർച്ചചെയ്തു. യാദവസൈന്യത്തിനും അതുപോലെ നാശം സംഭവിക്കുന്നുണ്ടായിരുന്നു.
സാല്വന്റെ മന്ത്രി പ്രദ്യുമ്‌നന്റെ മാറിൽ ഗദയാൽ പ്രഹരിച്ചു. തേരിൽത്തന്നെ പ്രദ്യുമ്‌നൻ മോഹാലസ്യപ്പെട്ടുവീണു. ദാരുകന്റെ മകനും ധർമ്മജ്ഞനുമായ സാരഥി തേർ ഈസമയത്ത് പിൻതിരിച്ച്‌കൊണ്ടുപോയി. താമസിയാതെതന്നെ പ്രദ്യുമ്‌നൻ ഉണർന്നു. സൂനനോടുപറഞ്ഞു. ”നീചെയ്തു തെറ്റുതന്നെയായി. കാരണം യാദവർക്കുചേർന്നതല്ല. .യുദ്ധരംഗത്തിനിന്നും ഒഴിഞ്ഞുമാറുന്ന സമ്പ്രദായം. നീ വെറും ഭീരുതന്നെ. ഇതുപോലെ ആരും നമുക്കിടിയൽ പിൻതിരിഞ്ഞു നിന്ന ചിത്രമില്ല. വലിയച്ഛൻ രാമനും, അച്ഛനായ കൃഷ്ണനും ഇതറിയുമ്പോൾ വരുന്ന നാണക്കേടിനെപറ്റി നീ ആലോചിച്ചുനോക്കിയോ? യാദവ വംശക്കാർ മുഴുവൻ എന്നെ കളിയാക്കില്ലേ? ”
എന്നാൽ ഇതിനെല്ലാം സൂതൻ മറുപടിപറഞ്ഞു” ധർമ്മമെന്തെന്നറിയാഞ്ഞതിനാലാണ് ഞാൻ തേരു പിൻവലിച്ചത്. തേരാളി തേരിലിരിക്കുന്ന യോദ്ധാവിനേയും, യുദ്ധത്തിൽ മുഴുകി തേരിലിരിക്കുന്ന യോദ്ധാവ് സാരഥിയേയും രക്ഷിക്കുവാൻ കടപ്പെട്ടവൻ തന്നെയാണ്. ഇതാണ് യുദ്ധധർമ്മം. ദ്യുമാന്റെ പ്രഹരത്താലാണ് അങ്ങയ്‌ക്ക് ബോധക്ഷയം സംഭവിച്ചത്. ഇതാണ് അവിടെനിന്നും അങ്ങയെരക്ഷിക്കുവാനുണ്ടായ കാരണം. സൂതൻ പറയുന്നത് കേട്ട് പ്രദ്യുമ്‌നൻ തേരിൽനിന്നിറങ്ങി കാലും മുഖവും കഴുകി വീണ്ടും യുദ്ധത്തിനായി പടച്ചട്ടയമിഞ്ഞു. മനസ്സുപാകപ്പെടുത്തി തേരിൽകയറി പാഞ്ഞുചെന്നു. ദ്യുമാൻ ആ നേരത്ത് യാദവരെയൊക്കെ തകർത്തിരുന്നു. ഒട്ടും സമയം കളഞ്ഞില്ല ദ്യുമാനുനേരേ ശരങ്ങൾ എയ്യുവാൻ തുടങ്ങി. ഒരു ശരത്താൽ സൂതന്റെ തലമുറിച്ചു. നാലുശരത്താൽ കുതിരകളെ വകവരുത്തി. രണ്ടു ശരത്താൽ കൊടിക്കൂറയും വില്ലും ഖണ്ഡിച്ചു. ഒറ്റശരത്താൽ ദ്യുമാനേയും തീർത്തു. അങ്ങനെ ജയവും തോൽവിയും ഇരുസൈന്യവും നന്നായി മനസ്സിലാക്കി ഇരുപത്തേഴു നാൾ പിന്നിട്ടുകഴിഞ്ഞ യുദ്ധം പിന്നേയും തുടർന്നു.
രാജസൂയം കഴിഞ്ഞിരുന്നു. ഇന്ദ്രപ്രസ്ഥത്തിൽ ചില ദുർനിമിത്തങ്ങൾ കാണാൻ തുടങ്ങിയിരുന്നു. ഭഗവാൻ യുധിഷ്ഠിരനോടു പറഞ്ഞു. ഞാനും ജ്യേഷ്ഠനും ഇവിടെ വന്നനേരം നോക്കി ശിശുപാലന്റെ സഹായികൾ ദ്വാരകയെ ആക്രമിക്കുന്നുണ്ട്. ആതാണ് ഈ ദുർനിമിത്തങ്ങൾക്ക് കാരണം. അങ്ങനെ സർവസൈന്യവുമായി ഭഗവാൻ ദ്വാരകയിലെത്തി. ദാരുകനോട് തന്റെ തേര് സാല്വന്റെ മുമ്പാകെ എത്തിക്കൂ. അവൻ മഹാ മായാവിയാണ് ഒട്ടുംഭയക്കേണ്ട ഭഗവാൻ വന്നതോടെ യാദവർക്ക് വലിയസന്തോഷമായി. ഭഗവാൻ നടത്തിയ ശരവർഷത്തിൽ സാല്വന്റെ യോദ്ധാക്കൾ അംഗഭംഗംവന്ന് വിമാനത്തിൽ നിന്ന് സമുദ്രത്തിൽ വീണു.
സാല്വൻ എയ്തഅമ്പിനാൽ ഭഗവാന്റെ കൈപിളർന്നു. ശാർങ്ഗമെന്നുപേരായ വില്ല് താഴെവീണു. അതുകണ്ട് ഉച്ചത്തിൽ അയാൽ അലറി. മൂഢ! എന്റെ സുഹൃത്ത് ശിശുപാലൻ വിവാഹം കഴിക്കേണ്ട സുഭദ്രയെ നീ തട്ടിയെടുത്തില്ലേ, രാജസൂയ സമയത്ത് വലിയ ബലമില്ലാത്തനേരത്ത് ശിശുപാലനെ നീ വധിക്കുകയും ചെയ്തിരിക്കുന്നു. നീ എന്റെ മുന്നിൽ അൽപ്പംനേരം നിൽക്കുകയാമെങ്കിൽ ആർക്കും തോൽപ്പിക്കാനാവില്ലെന്ന നിന്റെഹുങ്ക് തീർത്തുതരാം നിന്നെ ഞാൻ യമലോകത്തേക്കയക്കുന്നുണ്ട്.
ഭഗവാനും വിട്ടില്ല. ഹേ മന്ദബുദ്ധിയായ സാല്വ. നീയധികം വീമ്പിളക്കണ്ട നിന്റെ സമീപത്തെത്തിയ അന്തകനെ നീകാണുന്നില്ല.ശൂരന്മാർ അധികം വീരവാദം പറയാറില്ല. പൗരുഷമുണ്ടെങ്കിൽ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് വേണ്ടത്. ഇതു പറയലും ഭഗവാൻ അയാളുടെ തോളിൽ ഒന്നിടിച്ചു, ചോരഛർദ്ദിച്ച് അയാൾ കുഴഞ്ഞു വീണു. ഉടനെ സാല്വൻ. അവിടെനിന്നും അന്തർദ്ധാനം ചെയ്തു. അൽപം കഴിഞ്ഞപ്പോൾ ദേവകിയുടെ ഒരു ദൂതൻ വന്നുപറഞ്ഞു വസുദേവരെ, സാല്വൻ പിടിച്ചുകൊണ്ടുപോയി. ആസമയത്ത് ഭഗവാൻ ഒന്നാശ്ചര്യപ്പെട്ടു. ബലരാമൻ ഉള്ള ദ്വാരകയിൽനിന്ന് ഇതുപോലൊന്ന് സംഭവിക്കുവാൻ അവകാശമില്ല. നിസ്സാരനായ സാല്വൻ എങ്ങനെ അച്ഛനെ പിടിച്ചുകൊണ്ടുപോയി. വിധിയെ തടുക്കനാർക്കും കഴിയില്ലതന്നെ. ഭഗവാൻ ഈ വിധത്തിൽ ചിന്തിക്കവെ സാല്വൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വസുദേവരെ ബന്ധിക്കപ്പെട്ടരിക്കുന്നു. ഇതാനിന്റെ അച്ഛൻ. ഞാൻ നിന്റെ മുന്നിൽവച്ച് ഇതാ അച്ഛന്റെ തല അറുക്കുവാൻ പോകുന്നു. കഴിവുണ്ടെങ്കിൽ നീയൊന്നുരക്ഷിക്ക്. ഇതുപറയലും അറുത്തശിരസുമായി സാല്വൻ അന്തർദ്ധാനം ചെയ്തു. ഇവൻ കാണിക്കുന്ന മായയെ തിരിച്ചറിയാൻ ഭഗവാന് വലിയ വിഷമമുണ്ടായില്ല.
ഈസമയത്ത് സാല്വന്റെ വിമാനം ഭഗവാൻ തവിടുപൊടിയാക്കി സമുദ്രത്തിൽ കലക്കി. സാല്വൻ ഗദയുമായി ഭഗവാനുനേരേ പോരിനുവന്നു. ഗദപിടിച്ച കൈയിനെ ശരംകൊണ്ട് മുറിച്ചുവീഴ്‌ത്തി. ചക്രായുധത്താൽ കഴുത്തും മുറിച്ചുനീക്കി. ദേവകൾ ഈസമയത്ത് പുഷ്പ വൃഷ്ടിനടത്തുകയും അവരെല്ലാം സാല്വധത്തിൽ ഏറെ സന്തോഷിച്ചു.
















