ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറിലെയും ബാരമുള്ളയിലെയും ചില മേഖലകളില്‍ കൂടി കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്കി. 53 ദിവസമായി നടക്കുന്ന പ്രതിഷേധത്തില്‍ 70 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റു. എങ്കിലും ചില ജില്ലകളില്‍ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയത്.
അനന്ത്നാഗ്, ഷോപ്പിയാന്‍, ബുള്ഗാം, പാമ്പുര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. ശ്രീനഗറിലെയും ബാരാമുള്ളയിലെയും ചില പ്രദേശങ്ങളില്‍ പകല്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കിയെങ്കിലും പുല്‍വാമയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ അവിടെ കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ല.
ഞായറാഴ്ച സര്‍വകക്ഷി സംഘം ശ്രീനഗറിലേക്ക് പോകുന്നുണ്ട്. ഇതിന് മുന്നോടിയായി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രഹസ്യാന്വേഷണ ഏജന്‍സി തലവന്മാരും യോഗത്തില്‍ പങ്കെടുത്തു. കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കശ്മീരിലെ പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ തെളിവുകള്‍ ഭാരതം അമേരിക്കയ്ക്ക് കൈമാറും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനുള്ള പാക്കിസ്ഥാന്റെ ശ്രമം തള്ളിക്കളയണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെടും.
















