പിലാത്തറ: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠാനമായി മാത്രം നടത്തിവരുന്ന തിടമ്പുനൃത്തത്തെ ആഭാസമാക്കി തെരുവില്‍ അവതരിപ്പിച്ച് അപഹസിക്കുന്ന പ്രവണത അപലപനീയമാണെന്ന് ഉത്തര കേരള തിടമ്പുനൃത്ത കലാപരിഷത്ത് കൗണ്‍സില്‍ യോഗം വ്യക്തമാക്കി. വാദ്യഗുരുവില്‍ നിന്ന് ചിട്ടയായ സമ്പ്രദായത്തില്‍ താളക്രമങ്ങള്‍ അഭ്യസിച്ച്, ആചാര്യനില്‍ നിന്ന് ദേവനര്‍ത്തകരായി അനുഗ്രഹമേറ്റുവാങ്ങിയ ശേഷമാണ് തിടമ്പേറ്റുന്നത്. ക്ഷേത്രത്തിലെ അനുഷ്ഠാനവിധിയനുസരിച്ച് വ്രതനിഷ്ഠയോടെ തറ്റുടുത്ത് ഉത്തരീയവും ഉഷ്ണിപീഠവും ധരിച്ച്, ആചാരക്കാരുടെ കുത്തുവിളക്കിന് മുന്നില്‍ ദേവീദേവന്‍മാരുടെ തിരുവിഗ്രഹം ശിരസ്സേറ്റി മേളതാളത്തില്‍ നൃത്തംചെയ്യുന്ന ദേവകലയെ ആഭാസമാക്കി ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിക്കുന്നത് വേദനാജനകമാണ്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് പോറലേല്‍പ്പിക്കുമ്പോള്‍ വിതുമ്പുന്ന വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ നടപടി നിന്ദ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് മധു മരങ്ങാട് അധ്യക്ഷത വഹിച്ചു. ശ്രീരാമ അഗ്ഗിത്തായ (കാസര്‍കോട്), തോട്ടം ശങ്കരന്‍ നമ്പൂതിരി (കുറുവേലി), കൃഷ്ണഹൊളെ (ഉദുമ), ധനഞ്ജയ ഭട്ട് (മധൂര്‍), ഉപ്പില വാധ്യാന്‍ ഗോവിന്ദന്‍ നമ്പൂതിരി (ചെറുതാഴം), എം.ഗോവിന്ദന്‍ നമ്പൂതിരി (കാസര്‍കോട്) എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മധുരങ്ങാട് (പ്രസിഡണ്ട്), ശ്രീരാമ അഗ്ഗിത്തായ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















