ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ മൂന്നിന് വിയറ്റ്നാം സന്ദര്‍ശിക്കും. ഇത് തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കും. ചൈനയിലെത്തുന്ന മോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായും കൂടിക്കാഴ്ച നടത്തും.
ഹനോയിലെത്തുന്ന മോദി ഒരു ദിവസം അവിടെയുണ്ടാകും. വിയറ്റ്നാം സൈന്യത്തിന് ധന സഹായവും പരിശീലന സൗകര്യങ്ങളും ബഹിരാകാശ മേഖലയില്‍ സഹായവും നിക്ഷേപമേഖലയിലെ സഹകരണവും മോദിയുടെ സന്ദര്‍ശന ഭാഗമായി ഭാരതം വാഗ്ദാനം ചെയ്തിട്ടുണ്ട്.
650 കോടി രൂപയുടെ മുതല്‍ മുടക്കുള്ള നാലു നിരീക്ഷണ ബോട്ടുകള്‍ വിയറ്റ്നാമിന് കൈമാറാനുള്ള കരാര്‍ ഒപ്പുവെയ്ക്കും. 2014 ഒക്ടോബറില്‍ വിയറ്റ്നാം പ്രസിഡന്റിന്റെ ദല്‍ഹി സന്ദര്‍ശന വേളയിലെ തീരുമാന പ്രകാരമാണിത്. ആസിയാന്‍ രാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലകളായ വിയറ്റ്നാം,സിംഗപ്പൂര്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
















