കോട്ടയം: പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി പട്ടികജാതി വികസന നയം പ്രഖ്യാപിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. അയ്യന്‍കാളിയുടെ 154-ാം ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.സി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തുറവൂര്‍ രമേഷ് മുഖ്യപ്രഭാഷണവും, ഖജാന്‍ജി ഡോ. പി.പി. വാവ ജന്മദിന സന്ദേശവും, സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പന്‍ സംഘടനാ സന്ദേശവും നല്‍കി.
സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. തിരുവനന്തപുരം വിജെറ്റി ഹാളിന്റെ പേര് അയ്യന്‍കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ മുട്ടപ്പള്ളി, ഖജാന്‍ജി എം.കെ. കുഞ്ഞന്‍, പി.കെ. കേശവന്‍, സി.മോനിച്ചന്‍, വി.കെ. സോമന്‍, യൂണിയന്‍ സെക്രട്ടറിമാരായ എന്‍.കെ. റെജി, സന്തോഷ്‌കുമാര്‍, എം.കെ. ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു.
















