ജനമേജയൻ പറഞ്ഞു: ‘ജഗദംബികയുടെ പ്രഭാവത്തെപ്പറ്റി അങ്ങ് പറഞ്ഞുവല്ലോ. ആ ദേവിയുടെ ചരിതം ഇനിയുമിനിയും കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. ചരാചരങ്ങൾ എല്ലാം ആ അമ്മയിൽ നിന്നാണ് ഉത്ഭൂതമായത് എന്നറിയുമ്പോൾ ആ പരാശക്തിയുടെ ചരിതം കേൾക്കാൻ ആഗ്രഹം തോന്നുക സ്വാഭാവികം.’
വ്യാസൻ പറഞ്ഞു: ‘അങ്ങിത്ര കൗതുകത്തോടെ എന്നാൽ പ്രശാന്തനായി ചോദിക്കുമ്പോൾ ദേവിയുടെ ആ മഹച്ചരിതങ്ങൾ ഞാനെങ്ങനെ പറയാതെയിരിക്കും? മഹിഷൻ എന്ന് പേരായ ഒരസുരൻ ലോകം ഭരിക്കുന്ന കാലത്ത് ദേവാസുരന്മാർ തമ്മിൽ ഘോരമായ ഒരു യുദ്ധം ഉണ്ടായി. മഹിഷൻ ഹിമാലയത്തിൽപ്പോയി ആരും അതിശയിക്കുന്ന വിധത്തിൽ ഘോരമായ തപസ്സനുഷ്ഠിച്ചു. പതിനായിരം കൊല്ലക്കാലം കഠിനതപസ്സുചെയ്ത അസുരനിൽ തുഷ്ടനായി വിധാതാവ് അവനുമുന്നിൽ പ്രത്യക്ഷനായി. എന്താണ് വരം വേണ്ടതെന്ന ചോദ്യത്തിന് മഹിഷാസുരൻ മറുപടി പറഞ്ഞു:’മഹാ പ്രഭോ, എനിക്ക് അമരത്വം വേണം. മരണഭീതി എന്നിൽനിന്നും നീക്കിയാലും.”ജനിച്ചവർക്ക് മരണവും മരിച്ചവർക്ക് ജനനവും ഉണ്ടെന്നുള്ള പ്രപഞ്ചനിയമത്തെ മറികടക്കാൻ ആർക്കും ആവില്ല. കാലമാവുമ്പോൾ നശിക്കാത്തതായി യാതൊന്നുമില്ല. കടലായാലും മാമലയായാലും അതാണ് സത്യം. അതുകൊണ്ട് മൃത്യുവൊഴിവാക്കുക എന്ന വരം നൽകാൻ ആർക്കുമാവില്ല. മറ്റു വല്ല അഭീഷ്ടങ്ങളും വേണമെങ്കിൽ പറഞ്ഞാലും’ എന്നായി ബ്രഹ്മാവ്.
അപ്പോൾ മഹിഷൻ പറഞ്ഞു: ‘ശരി എന്നാൽ എനിക്ക് ദേവന്മാരാലോ അസുരന്മാരാലോ മരണം അരുത്. എന്നെ ആണുങ്ങൾ ആരും വധിക്കരുത്. സ്ത്രീയായുള്ള ആരാണെന്നെ വധിക്കാൻ കഴിവുള്ളവരായി ഉണ്ടാവുക? അതുകൊണ്ട് എന്റെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടായിക്കൊള്ളട്ടെ.’
തുടരും
















